ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ പടയോട്ടത്തിന് വിരാമം. ഫൈനലിന് ഒരു ചുവടുമുമ്പേ ഇന്ത്യൻ ടീമിന് കാലിടറി. സെമിയിൽ ലോക ചാമ്പ്യന്‍മാരായ ജർമ്മനിയോട് 3-2 ന് പരാജയം വഴങ്ങി. ഇനി ഇന്ത്യ വെങ്കലപ്പോരാട്ടത്തിൽ സ്പെയിനിനെ നേരിടും.
നിലവിലെ ലോക ചാമ്പ്യൻമാരെ സെമിയിൽ നേരിടാനിറങ്ങിയ ടീം ഇന്ത്യ തുടക്കം മുതൽ കളിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. ഏഴാം മിനുട്ടിൽത്തന്നെ ഹർമൻ പ്രീത് സിങ്ങ് പെനാൽറ്റി കോർണറിൽ നിന്ന് ഗോൾ നേടി ഇന്ത്യയെ മുന്നിലെത്തിച്ചു. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ 1-0 ത്തിന് മുന്നിലായിരുന്നു. രണ്ടാം ക്വാർട്ടറിൽ ജർമ്മനി ആഞ്ഞടിക്കുന്നതാണ് കണ്ടത്. പതിനാറാം മിനുട്ടിൽത്തന്നെ ഗോൺസാലോ പീലട്ട് പെനാൽറ്റി കോർണർ ഗോളാക്കി സമനില പിടിച്ചു. കളി ഇരുപത്തേഴാം മിനുട്ടിലെത്തിയപ്പോൾ ഇന്ത്യയെ ഞെട്ടിച്ച് ക്രിസ്റ്റഫർ റ്യൂഹർ പെനാൽറ്റിയിലൂടെ ഗോൾ നേടി ജർമനിയെ മുന്നിലെത്തിച്ചു. മൂന്നാം ക്വാർട്ടറിൽ മുപ്പത്താറാം മിനുട്ടിൽ സുഖ്ജീത് സിങ്ങ് പെനാൽറ്റി കോർണറിൽ നിന്ന് ഇന്ത്യയുടെ സമനില ഗോൾ കണ്ടെത്തി.നാലാമത്തെ ക്വാർട്ടറിൽ 54 ആം മിനുട്ടിൽ വീണ്ടും ജർമ്മനി മുന്നിലെത്തി.മാർക്കോ മിൽട്ടകൌവിൻറെ ഫീൽഡ് ഗോൾ.ഇന്ത്യൻ ടീമിൻറെ ഹൃദയം പിളർന്ന ആ ഗോൾ നീണ്ട 44 വർഷത്തിനു ശേഷം ഒളിമ്പിക് ഹോക്കി ഫൈനലിലെത്താമെന്ന ഇന്ത്യൻ പ്രതീക്ഷകളെക്കൂടി തകർത്തു.
പിന്നെ ഏറയൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കളി അവസാനിക്കാൻ രണ്ടു മിനുട്ട ബാക്കി നിൽക്കേ പിആർ ശ്രീജേഷിനെ പിൻവലിച്ച് ഷം ഷേർ സിങ്ങിനെ ഇറക്കി അവസാന വട്ട ആക്രമണങ്ങൾക്ക് ഇന്ത്യ കോപ്പു കൂട്ടി. ജർമൻ ഗോൾ മുഖത്ത് നിരന്തരം ആക്രമണങ്ങൾ അഴിച്ചു വിട്ടെങ്കിലും ഒന്നും ഗോളാക്കി മാറ്റാനായില്ല.
അധിക സമയത്ത് സുഖ്ജീത് സിങ്ങും ഷംഷേർസിങ്ങും പാഴാക്കിയ രണ്ട് അവസരങ്ങൾ കളഞ്ഞു കുളിച്ചിരുന്നില്ലെങ്കിൽ കളിയുടെ ഗതി മറ്റൊന്നാകുമായിരുന്നു.
നാലാം ക്വാർട്ടറിൽ പി ആർ ശ്രീജേഷ് നടത്തിയ അത്യുഗ്രൻ സേവുകളില്ലെങ്കിൽ ജർമനിയും ഇതിലേറെ മാർജിനിൽ ജയിച്ചേനെ. ഇന്ത്യൻ ഗോൾ വല കാത്ത വൻ മതിലെന്ന പ്രയോഗം അക്ഷരം പ്രതി ശരി വെക്കുന്ന സേവുകളായിരുന്നു ശ്രിജേഷിൻറേത്.Paris Olympics 2024 Hockey