ആകെ മെഡല്‍ നേട്ടം ഇക്കുറിയെങ്കിലും രണ്ടക്കത്തിലേക്ക് എത്തിക്കണമെന്ന ലക്ഷ്യവുമായിട്ടാണ് ഒളിമ്പിക്‌സിനായി ഇന്ത്യൻ സംഘം പാരിസിലേക്ക് എത്തിയിരിക്കുന്നത്. വിവിധയിനങ്ങളിലായി 117 താരങ്ങള്‍ രാജ്യത്തിനായി കളത്തിലിറങ്ങും. ആ കൂട്ടത്തിലെ മലയാളി സാന്നിധ്യം ആരെല്ലാമെന്ന് നോക്കാം.
ഗോള്‍വല കാക്കാൻ ശ്രീജേഷ്
ടോക്യോയിലെ വെങ്കലം സ്വര്‍ണമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പിആര്‍ ശ്രീജേഷ് പാരിസില്‍ ഇന്ത്യൻ ഹോക്കി ടീമിന്‍റെ ഗോള്‍വല കാക്കാൻ ഇറങ്ങുന്നത്. 36കാരനായ താരം ഇനിയൊരു ഒളിമ്പിക്‌സിനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ പാരിസില്‍ തങ്കത്തില്‍ കുറഞ്ഞതൊന്നും ഈ എറണാകുളത്തുകാരൻ പ്രതീക്ഷിക്കുന്നുണ്ടാകില്ല.
തിരിച്ചുവരവിന് പ്രണോയ്
ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളില്‍ ഒന്നാണ് തിരുവനന്തപുരത്തുകാരൻ എച്ച് എസ് പ്രണോയ്. ലോക 13-ാം നമ്പര്‍ താരമായ പ്രണോയ് പരിക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും മറികടന്നാണ് പാരിസിലേക്ക് എത്തുന്നത്. മുൻ ഇന്ത്യൻ താരം ഗുരുസായ് ദത്തിന്റെ ശിഷ്യനായ താരം കഠിന പരിശീലനത്തിലാണ് നിലവില്‍.
കഴിഞ്ഞ ലോകചാമ്പ്യൻഷിപ്പിനിടെ താരത്തിന് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതിന് പിന്നാലെ ഈ വര്‍ഷം കളിച്ച ഗ്രാൻപ്രീ ടൂര്‍ണമെന്‍റുകളില്‍ ഒന്നില്‍ പോലും ആദ്യ റൗണ്ട് പിന്നിടാൻ താരത്തിനായില്ല. എന്നാല്‍, കഴിഞ്ഞ മാസം ഓസ്‌ട്രേലിയൻ ഓപ്പണില്‍ ക്വാര്‍ട്ടറില്‍ എത്തിയതോടെ ഒളിമ്പിക്‌സില്‍ മികവ് കാട്ടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് താരം.
റിലേയിലെ പ്രതീക്ഷ
മുഹമ്മദ് അനസ്, മുഹമ്മദ് അജ്‌മല്‍, മിജോ ചാക്കോ കുര്യൻ, അമോജ് ജേക്കബ് ഇന്ത്യൻ പുരുഷ 4x400 മീറ്റര്‍ റിലേ ടീമിലെ മലയാളി സാന്നിധ്യമാണ് ഇവര്‍. കൊല്ലം സ്വദേശിയായ മുഹമ്മദ് അനസിന് പാരിസിലേത് മൂന്നാമത്തെ ഒളിമ്പിക്‌സാണ്. 2016ല്‍ റിയോ ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ വ്യക്തിഗത മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ചരിത്രനേട്ടം സ്വന്തമാക്കാൻ ഈ നിലമേലുകാരന് സാധിച്ചിരുന്നു.
ടോക്കിയോയില്‍ 4x400 മീറ്റർ പുരുഷ റിലേയിലും 4x400 മീറ്റർ മിക്സ്ഡ് റിലേയിലും അനസ് ട്രാക്കിലിറങ്ങി. കോട്ടയംകാരൻ മുഹമ്മദ് അജ്‌മലിന് ഇത് ആദ്യത്തെ ഒളിമ്പിക്‌സാണ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ നേട്ടത്തില്‍ പങ്കാളിയായ താരം കൂടിയാണ് അജ്‌മല്‍.
ഏഷ്യൻ ഗെയിംസില്‍ സുവര്‍ണനേട്ടം സ്വന്തമാക്കിയ മിജോ ചാക്കോ കുര്യനാണ് ടീമിലെ മറ്റൊരു മലയാളി സാന്നിധ്യം. കാസര്‍കോട് പനമ്പൂര്‍ സ്വദേശിയാണ് മിജോ. 2023ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പില്‍ വെള്ളി മെഡല്‍ നേടാൻ സാധിച്ച താരത്തിന് ഹംഗറിയില്‍ നടന്ന വേള്‍ഡ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാനായിരുന്നു.
ഡല്‍ഹി മലയാളിയായ അമോജ് ജേക്കബും പാരിസില്‍ ഇന്ത്യൻ റിലേ ടീമിനൊപ്പമുണ്ട്. 2020ലെ ടോക്കിയോ ഒളിമ്പിക്‌സിലും താരം ഇന്ത്യൻ ടീമിലെ അംഗമായിരുന്നു.
ട്രിപ്പിള്‍ ജംപില്‍ അബ്‌ദുള്ള അബൂബക്കര്‍
2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്കായി മെഡല്‍ നേടിയിട്ടുള്ള താരമാണ് കോഴിക്കോട് നാദാപുരം സ്വദേശി അബ്‌ദുള്ള അബൂബക്കര്‍. ബെംഗളൂരുവിലെ സായി സെന്‍ററില്‍ പരിശീലനം നടത്തുന്ന താരം ഈ മാസം 28നാണ് പാരിസിലേക്ക് പറക്കുക.
പെണ്‍തരി ധിനിധി മാത്രം
കേരളത്തില്‍ നിന്നും വനിത താരങ്ങള്‍ക്ക് ആര്‍ക്കും തന്നെ പാരിസ് ഒളിമ്പിക്‌സിന് യോഗ്യത സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. എന്നാല്‍, പാതിമലയാളിയായ നീന്തല്‍ താരം ധിനിധി ദേസിങ്കു ഒളിമ്പിക്‌സിനിറങ്ങുന്നതില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജസിതയാണ് 14കാരിയായ താരത്തിന്‍റെ അമ്മ. ഇന്ത്യയുടെ ഒളിമ്പിക്‌സ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ധിനിധി.