ക്വാലാലംപൂർ: ഉത്തേജക മരുന്ന് വിരുദ്ധ നിയമം മലംഘിച്ചതിന് ഇന്ത്യയുടെ പാരാ ബാഡ്‌മിന്‍റണ്‍ താരം പ്രമോദ് ഭഗത്തിന് വിലക്കേര്‍പ്പെടുത്തി. 18 മാസത്തേക്കാണ് ടോക്കിയോ പാരാലിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ താരത്തിനെ ബാഡ്‌മിന്‍റണ്‍ വേള്‍ഡ് ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്‌തത്. ഇതോടെ ഭഗത്തിന് പാരീസ് പാരാലിമ്പിക്‌സ് നഷ്‌ടമാകും.
12 മാസത്തിനിടെ ഭഗത് മൂന്ന് തവണ ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചതായും താരം കുറ്റക്കാരനാണെന്നും കോടതി ഓഫ് ആർബിട്രേഷൻ (സിഎഎസ്) കണ്ടെത്തിയതായി ബാഡ്‌മിന്‍റണ്‍ ഫെഡറേഷന്‍ അറിയിച്ചു. ഇതിനെതിരെ ഭഗത് കോടതിയില്‍ അപ്പീൽ നൽകിയിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു.
തായ്‌ലൻഡിൽ നടന്ന പാരാ-ബാഡ്‌മിന്‍റണ്‍ ലോക ചാമ്പ്യൻഷിപ്പിൽ ഭഗത് സ്വർണ്ണ മെഡൽ നിലനിർത്തിയിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്ന് സ്വർണ്ണ മെഡലുകൾ നേടുന്ന ആദ്യത്തെ പാരാ അത്‌ലറ്റായി ഭഗത് മാറി. കൂടാതെ ലോക ചാമ്പ്യൻഷിപ്പിലെ ചൈനീസ് ലിൻ ഡാന്‍റെ അഞ്ച് കിരീടങ്ങളുടെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്‌തു. തുടർച്ചയായ മൂന്ന് സ്വർണ്ണ മെഡലുകളോടെ എല്ലാ വിഭാഗങ്ങളിലുമായി ആറ് സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ താരത്തിന്‍റെ മെഡൽ എണ്ണം 14 ആയി ഉയർന്നു.