ചെന്നൈ : റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് തോറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലില്‍ നിന്നും പുറത്തായതിന് പിന്നാലെ എംഎസ് ധോണിയുടെ റിട്ടയേര്‍മെന്‍റിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ വീണ്ടും ക്രിക്കറ്റ് ലോകത്ത് സജീവമായിരിക്കുകയാണ്. ചിന്നസ്വാമിയില്‍ ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ചെന്നൈയെ പ്ലേഓഫില്‍ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറില്‍ ധോണി പുറത്താകുകയായിരുന്നു. ഇതോടെ, ധോണിയുടെ ടി20 കരിയറിലെ അവസാന മത്സരം ആയിരുന്നു കഴിഞ്ഞുപോയതെന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ലോകം.
മത്സരശേഷം ധോണി റാഞ്ചിയിലേക്ക് പറന്നതും വിരമിക്കലിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു. എന്നാല്‍, നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുള്‍ ധോണി ആരാധകര്‍ക്കും സന്തോഷം പകരുന്നതാണ്. ബെംഗളൂരുവിനെതിരായ മത്സരത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയെങ്കിലും വിരമിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കാര്യവും ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്‍റുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നതിനെ കുറിച്ച് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ആരോടും ഒന്നും സംസാരിച്ചിട്ടില്ല. അന്തിമമായി ഒരു തീരുമാനം എടുക്കുന്നതിന് തനിക്ക് സമയം വേണമെന്ന കാര്യമാണ് അദ്ദേഹം മാനേജ്‌മെന്‍റിനെ അറിയിച്ചിരിക്കുന്നത് എന്നാണ് ടീമുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതോടെ, തന്‍റെ അവസാന ടി20 മത്സരം ചെപ്പോക്കില്‍ ആയിരിക്കുമെന്ന് നേരത്തെ ധോണി പറഞ്ഞ കാര്യം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
ഇക്കുറി ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു എംഎസ് ധോണി കാഴ്‌ചവെച്ചത്. ലീഗ് സ്റ്റേജില്‍ സിഎസ്‌കെയ്‌ക്കായി എല്ലാ മത്സരവും കളിച്ച ധോണി 11 ഇന്നിങ്‌സില്‍ നിന്നും 161 റണ്‍സാണ് നേടിയത്. സീസണില്‍ 150ല്‍ അധികം റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റും ധോണിക്കാണ്.
കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് മിക്ക മത്സരങ്ങളിലും ബാറ്റിങ് ഓര്‍ഡറില്‍ അവസാന സ്ഥാനങ്ങളിലായിരുന്നു ധോണി ബാറ്റ് ചെയ്യാൻ എത്തിയത്. എന്നാല്‍, ബെംഗളൂരുവിനെതിരായ അവസാന മത്സരത്തില്‍ നാല് ഓവര്‍ ധോണി ക്രീസില്‍ ചെലവഴിച്ചു. ഈ സമയം വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തില്‍ അദ്ദേഹത്തിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നില്ല എന്ന കാര്യവും തങ്ങള്‍ക്ക് പ്ലസ് പോയിന്‍റാണെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഈ കാര്യത്തില്‍ ധോണിയുടെ മറുപടിയ്‌ക്ക് വേണ്ടിയാണ് തങ്ങള്‍ കാത്തിരിക്കുന്നത്. ടീമിന്‍റെ താല്‍പര്യങ്ങള്‍ എപ്പോഴും മനസിലുള്ള ആളാണ് ധോണി. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് തന്നെ കാണാം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.