ന്യൂഡല്‍ഹി : 2023-ലെ ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അര്‍ഹിച്ച കിരീടമാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ഗ്രൂപ്പ് ഘട്ടത്തിലടക്കം ഒരൊറ്റ മത്സരങ്ങളും തോല്‍ക്കാതെ മിന്നും കുതിപ്പുമായി ആയിരുന്നു രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ ഇറങ്ങിയ നീലപ്പട കലാശപ്പോരിന് ടിക്കറ്റെടുത്തത്. എന്നാല്‍ ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഓസീസിനെതിരെ നടന്ന ഫൈനലില്‍ തോല്‍വിയായിരുന്നു ഇന്ത്യയെ കാത്തിരുന്നത്.
മത്സരത്തിലെ തോല്‍വിക്ക് ശേഷം ഡ്രസ്സിങ് റൂമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഡ്രസ്സിങ് റൂമില്‍ വച്ച് പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി (Mohammed Shami).ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ഷമിയുടെ വാക്കുകള്‍ ഇങ്ങനെ.
"ഓസ്‌ട്രേലിയയ്‌ക്ക് എതിരായ തോല്‍വിക്ക് ശേഷം ഹൃദയം തകര്‍ന്ന ഞങ്ങളില്‍ പലരും കരയുകയായിരുന്നു. ആരും ഒന്നും കഴിച്ചിരുന്നില്ല. ആ സമയത്താണ് മോദിജി ഞങ്ങളുടെ അരികിലേക്ക് വരുന്നത്. അദ്ദേഹം ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. 'നിങ്ങള്‍ മികച്ച രീതിയില്‍ കളിച്ചു. ഞങ്ങള്‍ എല്ലാവരും നിങ്ങളോടൊപ്പമുണ്ട്. മുഴുവന്‍ ഭാരതവും നിങ്ങളോടൊപ്പമുണ്ട്' എന്നായിരുന്നു അദ്ദേഹം ഞങ്ങളോട് പറഞ്ഞത്"- മുഹമ്മദ് ഷമി പറഞ്ഞു.
തീര്‍ത്തും അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി ഡ്രസ്സിങ് റൂമിലേക്ക് എത്തിയതെന്ന് കഴിഞ്ഞ ഡിസംബറില്‍ ഒരു അഭിമുഖത്തില്‍ 33-കാരനായ ഷമി പറഞ്ഞിരുന്നു. "തോൽവിക്ക് ശേഷം ഞങ്ങളുടെ ഹൃദയം തകർന്നു, എല്ലാവരും നിരാശരായി ഇരിക്കുകയായിരുന്നു. രണ്ട് മാസത്തെ ഞങ്ങളുടെ കഠിനാധ്വാനം വെറും ഒരൊറ്റ മത്സരം കൊണ്ടുമാത്രം നഷ്‌ടമായത് പോലെയാണത്.
അന്ന് ഞങ്ങളുടെ മോശം ദിവസമായിരുന്നു. ഞങ്ങള്‍ തീര്‍ത്തും നിരാശരായിരുന്നു. പക്ഷേ, പ്രധാനമന്ത്രി വരുമ്പോൾ നിങ്ങൾ തല ഉയര്‍ത്തിപ്പിടിച്ച് തന്നെ നില്‍ക്കേണ്ടതുണ്ട്. മോദിജി അവിടേക്ക് വരുന്നുണ്ടെന്ന് ഞങ്ങളോട് പറഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല.
പെട്ടെന്നായിരുന്നു അദ്ദേഹം ഡ്രസ്സിങ് റൂമിലേക്ക് പ്രവേശിച്ചത്. ഭക്ഷണം കഴിക്കാനും പരസ്പരം സംസാരിക്കാനുമുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങളുണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നത് വലിയ സര്‍പ്രൈസായിരുന്നു"- മുഹമ്മദ് ഷമി കൂട്ടിച്ചേര്‍ത്തു.
ALSO READ: മറ്റൊരു ഇന്ത്യന്‍ പേസര്‍ക്കും കഴിയാത്ത ചരിത്ര നേട്ടം; ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബുംറ ഒന്നാമത്
ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോ ആയ താരമാണ് മുഹമ്മദ് ഷമി. ഏഴ് മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളുമായി ആണ് താരം തിളങ്ങിയത്. ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരുന്ന താരത്തിന് ഹാര്‍ദിക് പാണ്ഡ്യയ്‌ക്കേറ്റ പരിക്കാണ് പ്ലെയിങ് ഇലവനിലേക്ക് വാതില്‍ തുറന്നത്. പിന്നീട് ഷമിയുടെ മാന്ത്രിക പ്രകടനമാണ് കാണാന്‍ കഴിഞ്ഞത്.
ടൂര്‍ണമെന്‍റിനിടെ കാലിനേറ്റ പരിക്കില്‍ നിന്നും തിരിച്ചുവരവിന്‍റെ പാതയിലാണ് നിലവില്‍ ഷമിയുള്ളത്. 33-കാരന്‍റെ കണങ്കാലിനായിരുന്നു പരിക്കേറ്റത്. ഇതിന്‍റെ കടുത്ത വേദനയ്‌ക്ക് നിരന്തരം കുത്തിവയ്‌പ്പെടുത്തായിരുന്നു ഷമി കളിച്ചതെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.