ലണ്ടന്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ആക്രമണോത്സുക സമീപനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കാണ്‍പൂര്‍ വേദിയായ മത്സരത്തിന്‍റെ രണ്ട് ദിനം മഴയെടുത്തതോടെ സമനിലയിലേക്കെന്ന് തോന്നിച്ച കളിയായിരുന്നുവിത്. എന്നാല്‍ നാലാം ദിനത്തില്‍ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ച് മറുപടിക്ക് ഇറങ്ങിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ശരിക്കും അഴിഞ്ഞാടി.
34.4 ഓവറിൽ 285 റൺസ് അടിച്ച് ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ ലീഡെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ബംഗ്ലാദേശിനെ അഞ്ചാം ദിനത്തില്‍ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ട് വെറും മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ആതിഥേയര്‍ ലക്ഷ്യം നേടിയിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇപ്പോഴിതാ മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ഇംഗ്ലണ്ടിന്‍റെ 'ബാസ്ബോൾ' സമീപനവുമായി താരതമ്യപ്പെടുത്തിയിരിക്കുകയാണ് മുന്‍ നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിന്‍റെ ശൈലി ഇന്ത്യ കോപ്പിയടിച്ചുവെന്നാണ് വോണ്‍ പറയുന്നത്.
"ഇതൊരു ശ്രദ്ധേയമായ ടെസ്റ്റ് മത്സരമാണെന്നാണ് എനിക്ക് പറയാനുള്ളത്. ഇന്ത്യ കളിച്ച ക്രിക്കറ്റ് തീര്‍ച്ചയായും അതിശയകരമാണ്. ഇന്ത്യ ഇപ്പോള്‍ ബാസ്‌ബോള്‍ കളിക്കുന്ന ടീമായതില്‍ സന്തോഷമുണ്ട്. 34.4 ഓവറിൽ അവർ 285 റൺസ് അടിച്ചു. അവര്‍ ഇംഗ്ലണ്ടിനെ കോപ്പിചെയ്‌തു"- മൈക്കല്‍ വോണ്‍ പറഞ്ഞു.
അതേസമയം തന്‍റെ പരാമര്‍ശങ്ങളിലൂടെ പലപ്പോഴും വിവാദത്തിലാവാറുള്ള വ്യക്തിയാണ് വോണ്‍. ഇന്ത്യ ബാസ്‌ബോള്‍ കളിക്കുന്നുവെന്ന് നേരത്തെ പോസ്റ്റിട്ട വോണിന് ഇത് രോബോളും പന്ത്‌ബോളുമാണെന്ന് സോഷ്യല്‍ മീഡിയ മറുപടി നല്‍കിയിരുന്നു. കാണ്‍പൂരിലെ വിജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശിനെ വൈറ്റ്‌വാഷ് ചെയ്യാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഇതോടെ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ തങ്ങളുടെ ഒന്നാം സ്ഥാനം രോഹിത് ശര്‍മയും സംഘവും കൂടുതല്‍ ഉറപ്പിച്ചു.