മുംബൈ : ഐപിഎല്ലിന്‍റെ (IPL 2024) പുതിയ സീസണിന് മുന്നോടിയായി രോഹിത് ശര്‍മയെ (Rohit Sharma) ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) മാനേജ്‌മെന്‍റിന്‍റെ പ്രവര്‍ത്തി ആരാധകരുടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നേരിട്ടല്ലെങ്കിലും ടീമിന് അകത്തുനിന്ന് തന്നെ വിഷയത്തില്‍ തങ്ങളുടെ അതൃപ്‌തി പ്രകടമാക്കി ചില സൂപ്പര്‍ താരങ്ങളും രംഗത്ത് എത്തിയെന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ ഇതുസംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുംബൈ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും (Mark Boucher) പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും (Hardik Pandya) മൗനം പാലിച്ചിരിക്കുകയാണ്.
പുതിയ സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു മറ്റ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയെങ്കിലും ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും മാര്‍ക്ക് ബൗച്ചറും ഹാര്‍ദിക്കും തന്ത്രപരമായി ഒഴിഞ്ഞുമാറിയത്. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിനായി മാനേജ്‌മെന്‍റ് പറഞ്ഞ കാരണം എന്തെന്നായിരുന്നു ഒരു ചോദ്യം. മൈക്ക് കയ്യിലെടുത്തങ്കിലും ഒന്നും പറയാതെ തലയാട്ടുക മാത്രമാണ് മാര്‍ക്ക് ബൗച്ചര്‍ ചെയ്‌തത്.
ഉത്തരം വേണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആവര്‍ത്തിച്ചപ്പോള്‍ ബൗച്ചര്‍ തന്‍റെ തലയാട്ടല്‍ തുടരുകയാണുണ്ടായത്. ഇത് കണ്ടുകൊണ്ട് ചെറുപുഞ്ചിരിയോടെയായിരുന്നു ഹാര്‍ദിക് ഇരുന്നത്. എന്നാല്‍ പിന്നീട് തനിക്ക് നേരിടേണ്ടി വന്ന ചോദ്യത്തോട് ഹാര്‍ദിക്കും മൗനം പാലിച്ചു. ടീമിലേക്ക് തിരികെ എത്താന്‍ ഹാര്‍ദിക് ക്യാപ്റ്റന്‍ സ്ഥാനം ആവശ്യപ്പെട്ടുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കരാറില്‍ 'ക്യാപ്റ്റന്‍സി ക്ലോസ്' ഉണ്ടായിരുന്നുവോയെന്ന് ചോദിച്ചപ്പോള്‍ ഹാര്‍ദിക് മറുപടി പറയാന്‍ തയ്യാറായതേയില്ല.
അതേസമയം ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട് രോഹിത് ശര്‍മയോട് ഇതേവരെ സംസാരിച്ചിട്ടില്ലെന്ന് താരം പറഞ്ഞത് ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. രോഹിത് നിരന്തരം യാത്രകളിലായിരുന്നു. അതിനാല്‍ തന്നെ അധികം സമയം ലഭിച്ചിട്ടില്ല. മുംബൈ ക്യാമ്പിലേക്ക് അദ്ദേഹം വന്നാല്‍ കൂടുതല്‍ സംസാരിക്കും എന്നായിരുന്നു പുതിയ മുംബൈ നായകന്‍ പറഞ്ഞത്.
ഐപിഎല്‍ 2024-ന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നാണ് തങ്ങളുടെ പഴയ താരമായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് തിരികെ എത്തിച്ചത്. ഗുജറാത്തിനെ കഴിഞ്ഞ രണ്ട് സീസണുകളില്‍ ഹാര്‍ദിക്കായിരുന്നു നയിച്ചത്. ടീമിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്കും പിന്നീട് രണ്ടാം സ്ഥാനത്തേക്കും എത്തിക്കാന്‍ 30-കാരന് കഴിഞ്ഞു.
ഐപിഎല്ലില്‍ 2015-ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ അരങ്ങേറ്റം നടത്തിയ ഹാര്‍ദിക് പിന്നീട് 2021 വരെയുള്ള ഏഴ് സീസണുകളിലായിരുന്നു നേരത്തെ ടീമിനൊപ്പമുണ്ടായിരുന്നത്. ക്യാപ്റ്റന്‍സി ഉള്‍പ്പടെയുള്ള കാരണങ്ങളാലാണ് ഹാര്‍ദിക് മുംബൈ വിട്ടതെന്ന് നേരത്തെ സംസാരവുമുണ്ടായിരുന്നു. നേരത്തെ ക്യാപ്റ്റന്‍സി മാറ്റത്തെ ന്യായീകരിച്ച ബൗച്ചര്‍ക്കെതിരെ രോഹിത്തിന്‍റെ ഭാര്യ റിതിക രംഗത്ത് എത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.
ALSO READ: ശുഭ്‌മാന്‍ ഗില്ലിന്‍റെ നേതൃത്വം ; നെഹ്‌റയുടെ തന്ത്രങ്ങള്‍, രണ്ടാം കിരീടം തേടി ഗുജറാത്ത് ടൈറ്റന്‍സ്