ഒരു ഒളിമ്പിക് ഗെയിമില്‍ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രം കുറിച്ച് ഷൂട്ടര്‍ മനു ഭാക്കർ. ഇന്ന് നടന്ന മിക്‌സഡ് ടീം 10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ കൊറിയൻ ജോഡികളായ വോൻഹോ ലീ-ജിൻ യെ ഓഹിൻ സഖ്യത്തെ പരാജയപ്പെടുത്തി മനു ഭാക്കര്‍-സരബ്‌ജോത് സിങ് സഖ്യം വെങ്കലം നേടിയിരുന്നു.
ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം കൈവരച്ചതിന് പിന്നാലെയാണ് മനു ഭാക്കറിന്‍റെ അടുത്ത ചരിത്ര നേട്ടം കൂടെ ഉണ്ടായിരിക്കുന്നത്. പിവി സിന്ധുവിന് ശേഷം രണ്ട് ഒളിമ്പിക്‌സ് മെഡലുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത കൂടിയായി മനു ഭാക്കര്‍.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തിൽ ആദ്യമായാണ് ഒരു അത്‌ലറ്റ് ഒരേ ഇനത്തിൽ രണ്ട് മെഡലുകൾ നേടുന്നത്. മുമ്പ്, ബ്രിട്ടീഷ്-ഇന്ത്യൻ അത്‌ലറ്റ് നോർമൻ പ്രിച്ചാർഡ് 1900 ഒളിമ്പിക്‌സിൽ 200 മീറ്റർ സ്പ്രിന്‍റിലും 200 മീറ്റർ ഹർഡിൽസിലും രണ്ട് വെള്ളി മെഡലുകൾ നേടിയിരുന്നു. എന്നാൽ ഇത് സ്വാതന്ത്ര്യത്തിന് മുമ്പായിരുന്നു.
'എനിക്ക് ശരിക്കും അഭിമാനം തോന്നുന്നു. ഒരുപാട് നന്ദിയുണ്ട്. എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി'- മത്സരത്തിന് ശേഷം ഭാക്കർ പറഞ്ഞു. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിന്‍റെ ഫൈനൽ റൗണ്ട് 1-ല്‍ മനു-സരബ്ജോത് സഖ്യം തകർച്ചയോടെയാണ് തുടങ്ങിയത്. സഖ്യത്തിന് 18.8 പോയിന്‍റ് ലഭിച്ചപ്പോള്‍ കൊറിയന്‍ സഖ്യം 20.5 സ്കോർ നേടി.
രണ്ടാം റൗണ്ടിൽ ഇന്ത്യൻ സഖ്യം 21.2 സ്‌കോർ നേടിയപ്പോൾ എതിരാളികള്‍ 19.9 സ്‌കോറാണ് നേടിയത്. തുടര്‍ന്ന് 6-2 ലേക്ക് ലീഡ് ഉയര്‍ത്തിയ ഇന്ത്യ, പിന്നീട് ഇത് 14-6 ആയും ഉയർത്തി.