യുവേഫ ചാമ്പ്യൻസ് ലീഗില്‍ ജൈത്രയാത്ര തുടരുകയാണ് ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും. ലീഗിലെ മൂന്നാം മത്സരത്തില്‍ സിറ്റി ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള സ്‌പാര്‍ട്ട പ്രാഗയേയും ലിവര്‍പൂള്‍ ജര്‍മ്മൻ ക്ലബ് ആര്‍ബി ലെയ്‌പ്‌സിഗിനെയുമാണ് പരാജയപ്പെടുത്തിയത്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് പോയിന്‍റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കാൻ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കുമായി.
സ്‌പാര്‍ട്ട പ്രാഗയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. സൂപ്പര്‍ താരം എര്‍ലിങ് ഹാലൻഡിന്‍റെ ഇരട്ട ഗോളുകളാണ് സിറ്റിയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്. മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ 58, 68 മിനിറ്റുകളിലായിരുന്നു ഹാലൻഡ് ലക്ഷ്യം കണ്ടത്.
മത്സരത്തിന്‍റെ മൂന്നാം മിനിറ്റില്‍ ഫില്‍ ഫോഡനിലൂടെയാണ് സിറ്റി ഗോള്‍ വേട്ട തുടങ്ങിയത്. ആദ്യ പകുതിയില്‍ ഈ ഒറ്റ ഗോള്‍ മാത്രമായിരുന്നു സിറ്റിയുടെ അക്കൗണ്ടില്‍. രണ്ടാം പകുതിയില്‍ ഹാലൻഡിന് പുറമെ ജോണ്‍ സ്റ്റോണ്‍സ് (64-ാം മിനിറ്റ്), പെനാല്‍റ്റിയിലൂടെ മാത്യൂസ് ന്യൂനസ് (88-ാം മിനിറ്റ്) എന്നിവരായിരുന്നു സിറ്റിക്കായി ഗോള്‍ നേടിയത്.
Man City dominate 👊#UCL pic.twitter.com/6SH9NR5xPB
— UEFA Champions League (@ChampionsLeague) October 23, 2024
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലിവര്‍പൂളിന്‍റെ ജയം. 27-ാം മിനിറ്റില്‍ ഡാര്‍വിൻ ന്യൂനസാണ് ചെമ്പടയ്‌ക്കായി ഗോള്‍ നേടിയത്. ചാമ്പ്യൻസ് ലീഗില്‍ തോല്‍വി അറിയാതെ കുതിയ്‌ക്കുന്ന ലിവര്‍പൂളിന്‍റെ മൂന്നാം ജയമായിരുന്നു ഇത്.
3/3 wins for Liverpool 🔴#UCL pic.twitter.com/nQEfm8jbNX
— UEFA Champions League (@ChampionsLeague) October 23, 2024
മറ്റൊരു പോരാട്ടത്തില്‍ സ്‌പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ ഫ്രഞ്ച് ക്ലബ് LOSC ലില്ലെ പരാജയപ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച ലില്ലെ ഇത്തവണ അത്ലറ്റിക്കോയ്‌ക്കെതിരെ ഒരു ഗോളിന് പിന്നിലായ ശേഷം മൂന്നെണ്ണം തിരിച്ചടിച്ചാണ് ജയം പിടിച്ചത്. ലില്ലെയ്‌ക്കായി പകരക്കാരനായിറങ്ങിയ ജൊനാഥൻ ഡേവിഡ് ഇരട്ട ഗോള്‍ നേടി.
ഈഡൻ ഷെഗ്രോവയാണ് അവരുടെ മറ്റൊരു ഗോള്‍ സ്കോറര്‍. എട്ടാം മിനിറ്റിൽ ഹൂലിയൻ അൽവാരസായിരുന്നു അത്ലറ്റിക്കോയ്ക്കായി ഗോള്‍ നേടിയത്. ജയത്തോടെ ലില്ലെ 15-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ അത്ലറ്റിക്കോ മാഡ്രിഡ് പോയിന്‍റ് പട്ടികയില്‍ 27-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ലീഗ് ഫേസില്‍ മൂന്നാം റൗണ്ടിലെ മറ്റ് മത്സരങ്ങളിൽ ഇന്‍റര്‍ മിലാൻ യങ് ബോയ്‌സിനെയും (1–0), ഡൈനാമോ സാഗ്രബ് റെഡ് ബുൾ സാൽസ്ബർഗിനെയും (2–0), ഫെയെനൂർദ് ബെൻഫിക്കയെയും (3–1) പരാജയപ്പെടുത്തി. ബയർ ലെവർക്യൂസൻ – ബ്രെസ്റ്റ് (1–1), അറ്റലാന്‍റ – സെൽറ്റിക് (0–0) മത്സരങ്ങള്‍ സമനിലയിലാണ് കലാശിച്ചത്.
Also Read : റാഫീഞ്ഞയുടെ ഹാട്രിക്ക്, 9 വര്‍ഷത്തിന് ശേഷം ബയേണിനെ തോല്‍പ്പിച്ച് ബാഴ്‌സലോണ