ന്യൂഡൽഹി: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് മുന്‍ പാക് താരം കമ്രാന്‍ അക്‌മല്‍ രംഗത്ത്. തന്‍റെ രാജ്യത്തെ ക്രിക്കറ്റ് ബോർഡ് ബിസിസിഐ കാണണമെന്നും അതിൽ നിന്ന് പഠിക്കണമെന്നും താരം തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ടീമിന്‍റെ പരാജയത്തിന് പ്രധാന കാരണം പിസിബിയാണെന്ന് അക്‌മൽ പറഞ്ഞു.
ബോർഡിലെ ചിലരുടെ അഹങ്കാരമാണ് പാകിസ്ഥാൻ ക്രിക്കറ്റിന് ഈ അവസ്ഥ വന്നത്. ദേശീയ ക്രിക്കറ്റ് ബോർഡ് എങ്ങനെ പ്രവർത്തിപ്പിക്കാമെന്ന് ബിസിസിഐയിൽ നിന്ന് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിസിസിഐ അച്ചടക്കത്തോടെ ബോർഡ് പ്രവർത്തിപ്പിക്കുകയും ടീമിനെ ശക്തമാക്കുകയും ചെയ്യുന്നുവെന്ന് താരം ചൂണ്ടിക്കാട്ടി. ടീം സെലക്ഷൻ, ക്യാപ്റ്റൻ, കോച്ച് എന്നിവയിൽ ബിസിസിഐ പ്രൊഫഷണലാണ്. ഈ ഘടകങ്ങളാണ് ടീമിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ചിലരുടെ ധാർഷ്ട്യം കാരണം പാകിസ്ഥാൻ ക്രിക്കറ്റ് നഷ്ടത്തിലാണെന്ന് താരം പറഞ്ഞു.
ലോകക്രിക്കറ്റിൽ പാകിസ്ഥാൻ ടീമിന്‍റെ സ്ഥാനം അനുദിനം താഴേക്ക് പോവുകയാണ്. കുറച്ചുകാലമായി തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങിയ ടീമിന് രാജ്യത്തിനകത്തും പുറത്തും നിന്ന് കടുത്ത വിമർശനമാണ് ഉയരുന്നത്. ക്യാപ്റ്റനും ദേശീയ ക്രിക്കറ്റ് ബോർഡും വലിയ മാറ്റങ്ങൾ വരുത്തുകയും താരങ്ങൾക്ക് കര്‍ശന പരിശീലനം നൽകുകയും ചെയ്‌തിട്ടും പാക്കിസ്ഥാന്‍റെ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല.