മാഡ്രിഡ് : സ്‌പാനിഷ് ലാ ലിഗയില്‍ (La Liga) റയല്‍ മാഡ്രിഡിനെ (Real Madrid) സമനിലയില്‍ പൂട്ടി അത്‌ലറ്റിക്കോ മാഡ്രിഡ് (Atletico Madrid). സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മാഡ്രിഡ് ഡെര്‍ബിയില്‍ ഓരോ ഗോളുകള്‍ നേടിയാണ് ഇരു ടീമും പിരിഞ്ഞത് (Real Madrid vs Atletico Madrid Match Result). മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെയായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡ് സമനില ഗോള്‍ കണ്ടെത്തിയത്.
റയലിനായി ബ്രാഹിം ഡയസും (Brahim Diaz) അത്ലറ്റിക്കോയ്‌ക്കായി മാര്‍ക്കോസ് ലോറന്‍റെയുമാണ് (Marcos Llorente) ഗോളുകള്‍ നേടിയത്. സമനില വഴങ്ങേണ്ടി വന്നെങ്കിലും പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ റയലിനായി. 23 മത്സരം പൂര്‍ത്തിയായപ്പോള്‍ 18 ജയവും നാല് സമനിലയും സ്വന്തമായുള്ള റയല്‍ മാഡ്രിഡിന് 58 പോയിന്‍റാണുള്ളത് (Real Madrid Points In La Liga).
ലീഗില്‍ നിലവിലെ നാലാം സ്ഥാനക്കാരാണ് അത്‌ലറ്റിക്കോ മാഡ്രിഡ്. 15 ജയവും മൂന്ന് സമനിലയും അഞ്ച് തോല്‍വിയുമുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 48 പോയിന്‍റാണ് ഉള്ളത് (Atletico Madrid Points). ജിറോണ, ബാഴ്‌സലോണ ടീമുകളാണ് അവര്‍ക്ക് മുന്നിലുള്ള മറ്റ് ടീമുകള്‍.
റയല്‍ മാഡ്രിഡായിരുന്നു തങ്ങളുടെ സ്വന്തം തട്ടകത്തില്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. ആദ്യ വിസില്‍ മുതല്‍ക്കുതന്നെ അത്‌ലറ്റിക്കോ പ്രതിരോധത്തെ പരീക്ഷിക്കാന്‍ അവര്‍ക്കായി. അതിനെല്ലാം അതേ നാണയത്തില്‍ തന്നെയാണ് സന്ദര്‍ശകരും തിരിച്ചടിക്കാന്‍ നോക്കിയത്.
20-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. വാസ്‌കസ് നല്‍കിയ പാസിനൊടുവിലായിരുന്നു ബ്രാഹിം ഡയസ് അത്‌ലറ്റിക്കോ വലയില്‍ പന്തെത്തിച്ചത്. അത്‌ലറ്റിക്കോ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോള്‍ പിറന്നത് (Brahim Diaz Goal Against Atletico Madrid).
ആദ്യ പകുതിയില്‍ ഉടനീളം ഈ ലീഡ് നിലനിര്‍ത്താന്‍ ആതിഥേയരായ റയലിന് സാധിച്ചു. രണ്ടാം പകുതിയിലും നിരവധി അവസരങ്ങള്‍ ഇരു ടീമും സൃഷ്‌ടിച്ചെടുത്തു. എന്നാല്‍, നിശ്ചിത സമയം അവസാനിക്കുന്നത് വരെ സമനില ഗോള്‍ കണ്ടെത്താന്‍ അത്ലറ്റിക്കോയ്‌ക്കും വിജയഗോളടിക്കാന്‍ റയലിനും സാധിച്ചില്ല.
നാല് മിനിറ്റാണ് മത്സരത്തില്‍ ഇഞ്ചുറി ടൈമായി അനുവദിച്ചത്. അതിന്‍റെ മൂന്നാമത്തെ മിനിറ്റിലായിരുന്നു അത്‌ലറ്റിക്കോ സമനില ഗോള്‍ കണ്ടെത്തിയത്. മെംപിസ് ഡെപെയുടെ (Memphis Depay) അസിസ്റ്റില്‍ നിന്നും ഹെഡറിലൂടെയായിരുന്നു മാര്‍ക്കോസ് ലേറന്‍റെ സന്ദര്‍ശകര്‍ക്കായി ഗോള്‍ കണ്ടെത്തിയത്.