മുംബൈ: നടക്കാനിരിക്കുന്ന ടി20 ലോകപ്പിനുള്ള (T20 World Cup 2024) ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുണ്ടാവില്ലെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത് (Krishnamachari Srikkanth). വിരാട് കോലിയെ (Virat Kohli) ഒഴിവാക്കിക്കൊണ്ട് ഇന്ത്യയ്‌ക്ക് ടി20 ലോകകപ്പില്‍ കളിക്കാന്‍ കഴിയില്ലെന്നാണ് ആദ്ദേഹം പറയുന്നത്. ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറെ പണിയില്ലേയെന്നും ശ്രീകാന്ത് ചോദിച്ചു.
"ഒരു സാധ്യതയുമില്ല. കോലിയില്ലാതെ ഇന്ത്യയ്‌ക്ക് ടി20 ലോകകപ്പ് കളിക്കാന്‍ കഴിയില്ല. 2022-ലെ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് നമ്മളെ എത്തിച്ചത് കോലിയാണ്. ആ ടൂര്‍ണമെന്‍റിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് കോലിയായിരുന്നു.
ആരാണ് ഇതെല്ലാം പറയുന്നത്?. ഈ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക് വേറെ പണിയില്ലേ?. ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ?. ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് ജയിക്കണമെങ്കിൽ വിരാട് കോലി ടീമിൽ നിർബന്ധമാണ്" - കൃഷ്‌ണമാചാരി ശ്രീകാന്ത് തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കോലിയ്‌ക്ക് സ്ഥാനമുണ്ടാവില്ലെന്ന് നേരത്ത ചില ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. ജൂണ്‍ ഒന്ന് മുതല്‍ 29 വരെ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇവിടത്തെ സ്ലോ പിച്ചുകള്‍ 35-കാരനായ കോലിയുടെ ശൈലിയ്‌ക്ക് യോജിച്ചതല്ല എന്ന വിലയിരുത്തലാണ് സ്‌ക്വാഡില്‍ നിന്നും താരത്തെ ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ അടുത്തിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം (Rohit Sharma) വിരാട് കോലിയേയും ബിസിസിഐ ഫോര്‍മാറ്റിലേക്ക് തിരികെ എത്തിച്ചത്. 2022-ലെ ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ തോറ്റതിന് ശേഷം ഇരു താരങ്ങളും ഫോര്‍മാറ്റില്‍ ടീമിനായി ഇറങ്ങിയിരുന്നില്ല. ഏറെ നീണ്ട ഈ ഇടവേള അവസാനിപ്പിച്ച് കഴിഞ്ഞ ജനുവരിയില്‍ അഫ്‌ഗാനിസ്ഥാനെതിരായ പരമ്പരയിലായിരുന്നു വെറ്ററന്‍ താരങ്ങള്‍ വീണ്ടും ടി20 കളിച്ചത്.
രോഹിത് പരമ്പരയിലെ മൂന്ന് മത്സരങ്ങളും കളിച്ചപ്പോള്‍ അവസാന രണ്ട് ടി20കള്‍ക്കായിരുന്നു കോലി ഇറങ്ങിയത്. നിലയുറപ്പിച്ചതിന് ശേഷം ആക്രമിക്കുന്ന തന്‍റെ ശൈലിയില്‍ നിന്നും മാറി ആദ്യ പന്ത് തൊട്ട് വമ്പന്‍ അടിയ്‌ക്ക് ശ്രമിക്കുന്ന വ്യത്യസ്‌തമായ സമീപനമായിരുന്നു കോലി നടത്തിയത്. കളിച്ച ആദ്യ മത്സരത്തില്‍ 16 പന്തുകളില്‍ നിന്നും 29 റണ്‍സായിരുന്നു താരം നേടിയത്. അവസാന മത്സരത്തില്‍ ആദ്യ പന്ത് തന്നെ ആക്രമിക്കാനുള്ള ശ്രമം പാളിയതോടെ പൂജ്യത്തിന് പുറത്താവേണ്ടിയും വന്നു.
ALSO READ: കോലിയുടെ സ്ഥാനം ചോദ്യം ചെയ്യുന്നവര്‍ വെറും കണ്ടം കളിക്കാര്‍ : വിമര്‍ശനവുമായി മുന്‍ പാക് താരം
അതേസമയം മെയ് ഒന്നാണ് ടി20 ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. ഇന്ത്യ ഉള്‍പ്പടെ ആകെ 20 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. ആകെയുള്ള ടീമുകളെ അഞ്ച് വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക ഘട്ടം. പിന്നീട് ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ എട്ടിലേക്ക് കടക്കും. ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. പാകിസ്ഥാന്‍, അമേരിക്ക, അയര്‍ലന്‍ഡ്, കാനഡ എന്നിവരാണ് എതിരാളികള്‍.