ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ സ്ഥിരത പുലര്‍ത്തിയ ഏക ബാറ്റര്‍ യശ്വസി ജയ്‌സ്വാളാണ്. മറ്റു ബാറ്റര്‍മാരില്‍ ചിലര്‍ ഇടയ്‌ക്ക് മികച്ച പ്രകടനം നടത്തിയെങ്കിലും നിരാശപ്പെടുത്തുന്നതാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ കനത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കും വിരാട് കോലിയ്‌ക്കുമാണ്.
വെറ്ററന്‍ താരങ്ങള്‍ കനത്ത വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കെ അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ പേരാണ് യുവ താരം ശുഭ്‌മാന്‍ ഗില്ലിന്‍റേത്. ആദ്യ ടെസ്റ്റിൽ പരിക്കിനെ തുടര്‍ന്ന് കളിക്കാതിരുന്ന ഗില്ലിന് മൂന്നാം മത്സരത്തിലും പ്ലേയിങ് ഇലവനില്‍ ഇടമുണ്ടായിരുന്നില്ല. എന്നാല്‍ കളിച്ച മൂന്ന് ടെസ്റ്റുകളില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ താരത്തിനായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരമ്പരയില്‍ 31, 20, 1, 28, 13 എന്നിങ്ങനെയായിരുന്നു ഗില്ലിന്‍റെ സ്‌കോര്‍. ഇപ്പോഴിതാ ഗില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ചീഫ് സെലക്‌ടറുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത്. ശുഭ്‌മാന്‍ ഗിൽ ശരിക്കും ഓവർറേറ്റഡായ കളിക്കാരനാണെന്നാണ് ശ്രീകാന്ത് പറയുന്നത്.
അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഗില്ലിനെപ്പോലെയുള്ള താരങ്ങളെ അനാവശ്യമായി പിന്താങ്ങുകയാണ്. റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദര്‍ശന്‍ തുടങ്ങിയ താരങ്ങള്‍ക്കാണ് ടീമില്‍ അവസരം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
"ശുഭ്‌മാൻ ഗിൽ ഒരു ഓവർറേറ്റഡ് കളിക്കാരനാണെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്, പക്ഷേ ആരും എന്നെ കേട്ടില്ല. ഗില്ലിന് ഇത്രയും അവസരം ലഭിക്കുമ്പോൾ, സൂര്യകുമാർ യാദവിനെപ്പോലുള്ള കളിക്കാർക്കും ടെസ്റ്റിൽ അവസരം നല്‍കാവുന്നതല്ലേ എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. ടെസ്റ്റിൽ സൂര്യകുമാറിന് മികച്ച തുടക്കം ലഭിച്ചില്ല, പക്ഷേ അദ്ദേഹത്തിന് സാങ്കേതികതയും കഴിവുമുണ്ട്.
എന്നിട്ടും, സെലക്‌ടർമാരും മാനേജ്‌മെന്‍റും അവനെ വൈറ്റ്-ബോൾ സ്പെഷ്യലിസ്റ്റാക്കി മാറ്റി. അതിനാൽ ഇപ്പോൾ, പുതിയ പ്രതിഭകളെ നോക്കേണ്ടതുണ്ട്. റുതുരാജ് ഗെയ്ക്വാദ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നുണ്ട്, പക്ഷേ അവനെ ഇതുവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുപോലെ, 'എ' ടീമിനായി സായ് സുദർശൻ മികച്ച പ്രകടനം നടത്തുന്നു. ശരിക്കും ഇവരെയാണ് സീനിയല്‍ ടീമിലേക്ക് എടുക്കേണ്ടത്. പകരം, ഗില്ലിന് ചുറ്റും കറങ്ങുകയാണ് സെലക്‌ടര്‍മാര്‍ ചെയ്യുന്നത്"- ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
"ശുഭ്‌മാന്‍ ഗില്‍ ടീമില്‍ ഇടം നിലനിര്‍ത്തുന്നത്, പത്ത് അവസരങ്ങൾ ലഭിക്കുന്നതിനാലും ഒമ്പത് പരാജയങ്ങൾക്ക് ശേഷം പത്താം ഇന്നിങ്‌സില്‍ റണ്‍സ് നേടുന്നതിനാലുമാണ്. അത് അവന് പത്ത് ഇന്നിങ്‌സുകളില്‍ കൂടി കളിക്കാന്‍ അവസരം നല്‍കുന്നു. ഇന്ത്യൻ വിക്കറ്റുകളിൽ ആർക്കും റൺസ് നേടാൻ കഴിയും.
എന്നാൽ വിദേശ സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് സെന രാജ്യങ്ങളിൽ മികച്ച പ്രകടനം കാഴ്‌ടവയ്ക്കുക എന്നതാണ് യഥാർഥ വെല്ലുവിളി. കെഎൽ രാഹുലിനെപ്പോലുള്ള കളിക്കാർ സ്വയം തെളിയിച്ചത് അവിടെയാണ്"- ശ്രീകാന്ത് പറഞ്ഞു നിര്‍ത്തി.
ALSO READ: ഷമി ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ടീമിന്‍റെ ഭാഗമാകേണ്ടതായിരുന്നുവെന്ന് രവി ശാസ്ത്രി - RAVI SHASTRI
2020/21 ൽ ഓസ്‌ട്രേലിയയിൽ അരങ്ങേറ്റ പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്‌ചവച്ച ഗിൽ, അതിനുശേഷം ഏഷ്യയ്ക്ക് പുറത്ത് റൺസ് നേടാൻ പാടുപെടുകയാണ്. 18 ഇന്നിങ്‌സുകളിൽ നിന്ന് ശരാശരി വെറും 17.64 ആണ്.