കോഴിക്കോട്: 'ആപ്പി'ലാക്കാൻ ആപ്പുമായി സൈബർ തട്ടിപ്പുകാർ. ദിനംപ്രതി പെടുന്നത് നൂറു കണക്കിന് പേരെന്ന് സൈബർ ടീം. മോട്ടർ വാഹന വകുപ്പിന്‍റെ എം-പരിവാഹൻ, കേന്ദ്ര സർക്കാരിന്‍റെ ആരോഗ്യ ഇൻഷുറൻസ് അടക്കമുള്ള വിവിധ പദ്ധതികൾ, യൂനോ, യൂണിയൻ ബാങ്ക് തുടങ്ങി നിരവധി ബാങ്കുകൾ, ഇവയുടെ എല്ലാം ആപ്പിന്‍റെ പേരിലാണ് സമൂഹമാധ്യമങ്ങളിൽ സൈബർ തട്ടിപ്പ് വ്യാപകമായത്.
വാഹനങ്ങളുടെ നിയമ ലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്‌പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചലാൻ എന്ന വ്യാജേന മെസേജുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്. സീറ്റ് ബെൽറ്റും ഹെൽമറ്റുമൊക്ക ധരിച്ചു വാഹനമോടിച്ചവർക്ക് നിയമം ലംഘിച്ചെന്നു പറഞ്ഞ് വാട്‌സ്ആപ്പിൽ മെസേജ് അയച്ചാണ് തട്ടിപ്പ്.
പിഴത്തുക അടയ്ക്കാൻ എപികെ ഫയൽ ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെടും. ഈ ഫയൽ ഡൗൺ ലോഡ് ചെയ്യുന്നതോടെ ബാങ്ക് വിശദാംശങ്ങൾ ഉൾപ്പെടെ ഫോണിലെ മുഴുവൻ വിവരങ്ങളും തട്ടിപ്പുകാർക്ക് സ്വന്തമാകും. പെട്ടെന്ന് ഒരു പ്രതികരണവും നടത്താതെ കാത്തിരിക്കുന്ന തട്ടിപ്പുകാർ ഒരവസരം കിട്ടുമ്പോൾ ട്രാപ്പിലാക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എം-പരിവാഹന് എപികെ ഫയൽ ഇല്ലെന്നും പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവ വഴി മാത്രമേ പരിവാഹൻ ആപ് ഇൻസ്റ്റാൾ ചെയ്യാനാകൂ എന്നും ട്രാൻസ്പോർട്ട് കമ്മിഷണർ സി നാഗരാജു വ്യക്തമാക്കിയതാണ്. ഒറ്റ നോട്ടത്തിൽ വ്യാജനെ കണ്ടെത്താനാകില്ലെങ്കിലും തട്ടിപ്പ് സന്ദേശത്തിൽ ചലാൻ നമ്പർ 14 അക്കമാണ്. എന്നാൽ യഥാർഥ ചലാനിൽ 19 അക്കങ്ങളുണ്ട്. ബെംഗളൂരു സിറ്റി പൊലീസിന്‍റെ പ്രൊഫൈൽ ഉള്ള നമ്പറിൽ നിന്നാണ് കൂടുതൽ തട്ടിപ്പും നടന്നിട്ടുള്ളതെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കുന്നു.
മാസങ്ങളായി തുടരുന്ന ഈ സൈബർ തട്ടിപ്പിനെതിരെ മോട്ടർ വാഹന വകുപ്പും പൊലീസും സമൂഹമാധ്യമങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ വകുപ്പ് വാട്‌സ്ആപ്പ് വഴി സന്ദേശം അയയ്ക്കാറുണ്ടെങ്കിലും കേരളത്തിൽ ആരംഭിച്ചിട്ടില്ലെന്നും ലിങ്കിൽ ക്ലിക്ക് ചെയ്‌തു പണം അടയ്ക്കാൻ പറയില്ലെന്നും അധികൃതർ അറിയിച്ചു.
ഇതേ കുറിച്ച് മോട്ടർ വാഹന വകുപ്പും പൊലീസും നൽകുന്ന നിർദേശങ്ങൾ
ആരെങ്കിലും വാട്‌സ്ആപ്പിൽ അയച്ച് തരുന്ന ആപ്ലിക്കേഷൻ ഫയലിൽ ക്ലിക്ക് ചെയ്യരുത്. ഇ-ചലാൻ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നു മാത്രം വിവരങ്ങൾ സ്വീകരിക്കുക. പിഴ അടയ്ക്കാനുള്ള ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, അത് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെട്ടും ഉറപ്പാക്കാം.
വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ഒരു വ്യാജ സന്ദേശത്തിൽ നൽകരുത്. ഇത്തരത്തിൽ വരുന്ന സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടാൽ, അത് തട്ടിപ്പാണ്. ഇത്തരം വിവരങ്ങൾ ഔദ്യോഗിക സന്ദേശങ്ങളിൽ ആവശ്യപ്പെടില്ല.
ലഭിക്കുന്ന മെസേജ് തട്ടിപ്പാണെന്നും തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ ഇ-ചലാൻ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ 1930 എന്ന നമ്പറിൽ ഒരു മണിക്കൂറിനകം പരാതി റജിസ്റ്റർ ചെയ്യണം. cybercrime.gov.in എന്ന സൈറ്റിലും പരാതികൾ രജിസ്റ്റർ ചെയ്യാം.
തട്ടിപ്പിന്‍റെ രീതികള്‍
ബാങ്കുകളുടെ ആപ്പുകൾ എന്ന വ്യാജേന നടക്കുന്ന തട്ടിപ്പിൽ പ്രധാനമായും ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ഇന്ന് 5 മണിക്കകം ലിങ്ക് ചെയ്യണമെന്നും അല്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നുമാണ് മെസേജ് വരിക. ഫോണിൽ നിന്ന് ലിങ്ക് ചെയ്യാൻ എപികെയിൽ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടും. പിന്നാലെ വരുന്ന ഒടിപി അയച്ചു കൊടുക്കുന്നതിലൂടെ അക്കൗണ്ടിലെ മുഴുവൻ പണവും കാലിയാകും.
'നൂറിൽ പത്ത് പേരെങ്കിലും ദിനംപ്രതി തട്ടിപ്പുകാരുടെ വലയിൽ വീഴുന്നുണ്ട്. എന്നാൽ പരാതി നൽകുന്നത് ചുരുക്കം ചിലർ മാത്രമാണ്. അഭിമാന പ്രശ്‌നം കാരണം പലരും പറ്റിയ നഷ്‌ടം സ്വയം സഹിക്കുകയാണ്' സൈബർ പൊലീസ് എസ്ഐ വിനോദ് പറഞ്ഞു. സർക്കാർ സഹായം പ്രതീക്ഷിച്ച് വ്യാജ ആപ്പുകളിൽ കയറി വെട്ടിലാകുന്നവരും നിരവധിയാണെന്ന് സൈബർ ടീം പറഞ്ഞു.
Also Read:പെരുമ്പാവൂരിൽ വൻ ലഹരി വേട്ട; മൂന്ന് കോടിയുടെ പുകയില ഉത്‌പന്നങ്ങള്‍ പിടിച്ചെടുത്തു