മുംബൈ : ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ അസ്‌തമിച്ചു. വാങ്കഡെ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 24 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയോതെയാണ് ഹാര്‍ദിക് പാണ്ഡ്യയും കൂട്ടരും ഈ സീസണില്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത 19.5 ഓവറില്‍ 169ന് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ മുംബൈയുടെ പോരാട്ടം 18.5 ഓവറില്‍ 145 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യൻസിന് പവര്‍പ്ലേയില്‍ തന്നെ ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായി. ഇഷാൻ കിഷൻ (13), നമാൻ ധിര്‍ (11), രോഹിത് ശര്‍മ (11) എന്നിവര്‍ മടങ്ങുമ്പോള്‍ 46 റണ്‍സ് മാത്രമായിരുന്നു മുംബൈ സ്കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഒരുവശത്ത് സൂര്യകുമാര്‍ നിലയുറപ്പിച്ച് കളിച്ചെങ്കിലും മറുവശത്ത് താരത്തിന് വേണ്ട പിന്തുണ നല്‍കാൻ ആരുമുണ്ടായിരുന്നില്ല.
തിലക് വര്‍മ (4), നേഹല്‍ വധേര (6) ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം വന്നപാടെ മടങ്ങി. ഏഴാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് - ടിം ഡേവിഡ് സഖ്യം ടീമിന് പ്രതീക്ഷ നല്‍കി. എന്നാല്‍, മത്സരത്തിന്‍റെ 16-ാം ഓവറില്‍ സൂര്യയെ (35 പന്തില്‍ 56) വീഴ്‌ത്തി ആന്ദ്രേ റസല്‍ മുംബൈയ്‌ക്ക് പ്രഹരമേല്‍പ്പിച്ചു.
19-ാം ഓവര്‍ പന്തെറിയാൻ എത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആയിരുന്നു മത്സരത്തില്‍ മുംബൈ ഇന്ത്യൻസിന്‍റെ പതനം പൂര്‍ണമാക്കിയത്. ഓവറിലെ രണ്ടാം പന്തില്‍ ടിം ഡേവിഡിനെ ക്യാപ്‌റ്റൻ ശ്രേയസ് അയ്യറുടെ കൈകളില്‍ എത്തിച്ച സ്റ്റാര്‍ക്ക് അടുത്ത പന്തില്‍ പിയൂഷ് ചൗളയേയും മടക്കി. അഞ്ചാം പന്തില്‍ ജെറാള്‍ട് കോട്‌സിയെ ക്ലീൻ ബൗള്‍ഡാക്കിക്കൊണ്ടാണ് സ്റ്റാര്‍ക്ക് കൊല്‍ക്കത്തയെ ജയത്തിലേക്ക് എത്തിച്ചത്.
മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റാണ് വീഴ്‌ത്തിയത്. ഈ സീസണില്‍ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്‌ൻ, ആന്ദ്രേ റസല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കിയിരുന്നു.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെങ്കടേഷ് അയ്യറുടെ അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിയത്. അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ താരം 52 പന്തില്‍ 70 റണ്‍സ് നേടിയാണ് പുറത്തായത്. ഇംപാക്‌ട് പ്ലെയാറായെത്തിയ മനീഷ് പാണ്ഡെ 31 പന്തില്‍ 42 റണ്‍സ് അടിച്ചു. 6 പന്തില്‍ 13 റണ്‍സ് നേടിയ അംഗകൃഷ് രഘുവൻഷിയാണ് കൊല്‍ക്കത്തൻ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍.
ഫില്‍ സാള്‍ട്ട് (5), സുനില്‍ നരെയ്‌ൻ (8), ശ്രേയസ് അയ്യര്‍ (6), റിങ്കു സിങ് (9), ആന്ദ്രേ റസല്‍ (7), രമണ്‍ദീപ് സിങ് (2), മിച്ചല്‍ സ്റ്റാര്‍ക്ക് (0), വൈഭവ് അറോറ (0*) എന്നിങ്ങനെയാണ് മറ്റ് കെകെആര്‍ ബാറ്റര്‍മാരുടെ സ്കോറുകള്‍. മത്സരത്തില്‍ മുംബൈയ്‌ക്കായി ജസ്‌പ്രീത് ബുംറയും നുവാൻ തുഷാരയും മൂന്ന് വിക്കറ്റ് വീതം നേടി.