തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ഫൈനല്‍ മത്സരം ഇന്ന് നടക്കും. വൈകിട്ട് 6.45-ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ഏരീസ് കൊല്ലം സെയിലേഴ്‌സും കിരീടത്തിനായി പോരാടും. ആറുമണി മുതൽ സമാപന ചടങ്ങുകള്‍ക്ക് തുടക്കമാകും. പ്രവേശനം സൗജന്യമാണ്. സ്റ്റാര്‍ സ്പോര്‍ട്‌സ് 1 ല്‍ മത്സരങ്ങള്‍ തത്സമയം കാണാം. ഫാന്‍കോഡ് ആപ്പിലും വെബ് സൈറ്റിലും തത്സമയം സംപ്രേഷണമുണ്ട്.
ഓണത്തിൻ്റെ കലശകോട്ടിന് മുൻപായി കലശകോട്ടിനു ഒരുങ്ങുവാണ് #KeralaCricketLeague.ഈ ദിവസം ഫുൾ പവറിൽ അടിച്ചു പൊളിക്കാനായി നമ്മളോടൊപ്പം പ്രിയ ഗായകൻ @Soorajsanthosh എത്തുന്നു.
— Kerala Cricket League (@KCL_t20) September 18, 2024
📍Greenfield International Stadium, Thiruvananthapuram
🗓18th September, 2024
⏰6pm onwards#KCL2024 pic.twitter.com/eEqsCmhoMZ
ഇന്നലെ നടന്ന ആദ്യ സെമിയില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 18 റണ്‍സിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗ്ലോബ്സ്റ്റാർസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. എന്നാല്‍ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ട്രിവാന്‍ഡ്രത്തിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളു.
രണ്ടാം സെമി ഫൈനലിൽ തൃശൂർ ടൈറ്റൻസിനെതിരെ കൊല്ലം 16 റൺസ് വിജയം നേടി. കൊല്ലം ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തൃശൂരിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണെടുത്തത്. 27 പന്തിൽ 48 റൺസെടുത്ത അക്ഷയ് മനോഹറാണ് തൃശൂരിന്‍റെ ടോപ് സ്കോറർ. കൊല്ലത്തിനായി ബേസിൽ എൻ.പി മൂന്നു വിക്കറ്റുകളും ബിജു നാരായണൻ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. കൊല്ലത്തിനു വേണ്ടി അഭിഷേക് നായരും ക്യാപ്റ്റൻ സച്ചിന്‍ ബേബിയും വെടിക്കെട്ട് ബാറ്റിങ്ങാണു പുറത്തെടുത്തത്.
കേരള ക്രിക്കറ്റ് ലീഗില്‍ ആറ് ടീമുകളാണ് പോരാടിയത്. ഫൈനല്‍ അടക്കം 33 മത്സരങ്ങളായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ആണ് ക്രിക്കറ്റ് ലീഗിന്‍റെ ഐക്കണ്‍. സെപ്റ്റംബര്‍ രണ്ടിനായിരുന്നു ലീഗ് ആരംഭിച്ചത്.