കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിലെ സതേണ്‍ ഡാര്‍ബി അവസാന ക്വാര്‍ട്ടര്‍ ഫൈനലിൽ ഇന്ന് രാത്രി ഏഴിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്.സിയെ ഏറ്റുമുട്ടും. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. 2023 ഐഎസ്എലിലെ വിവാദ പ്ലേഓഫ് മത്സരത്തിനുശേഷം ഇരുടീമുകളും ആരാധകരും തമ്മിലുള്ള ഏറ്റുമുട്ടലിന് തിളപ്പ് കൂടും. വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രതിഷേധം തുടരുന്നതിനാൽ കൊൽക്കത്തയിൽ കനത്ത സുരക്ഷയിലാണ് മത്സരം നടക്കുന്നത്. നോഹ സദുയി-ക്വാമ പെപ്ര മുന്നേറ്റ സഖ്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതിക്ഷ. അര്‍ജന്‍റീനന്‍ ഫോര്‍വേഡ് ഹോര്‍ഹെ പെരേരയിലാണ് ബെംഗളൂരു പ്രതീക്ഷ.
ഇന്ന് നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലിൽ പഞ്ചാബിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി മോഹൻ ബഗാൻ ഡ്യൂറൻഡ് കപ്പ് സെമിയിൽ പ്രവേശിച്ചു. നിശ്ചിത സമയത്തില്‍ ഇരുടീമുകളും 3-3 കളി അവസാനിച്ചതിനാല്‍ പെനാല്‍ട്ടിയില്‍ 6-5 ആണ് മോഹൻ ബഗാന്‍റെ വിജയം.
ബുധനാഴ്‌ച നടന്ന ക്വാര്‍ട്ടറുകള്‍ ജയിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഷില്ലോങ് ലജോങ്ങും സെമിയിലെത്തി.25 ന് നിശ്ചയിച്ചിരുന്ന സെമി 26ന് ഷില്ലോങ്ങില്‍ നടക്കും. രണ്ടാം സെമിയും ഫൈനല്‍ മത്സരവും കൊല്‍ക്കത്തയില്‍ നടക്കും.