തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 11ൽ ടീം നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് ക്ലബ് പ്രഖ്യാപിച്ചു. ‘ഗോൾ ഫോർ വയനാട്’ എന്ന കാമ്പെയ്ൻ ക്ലബ്ബ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആർഎഫ്) 25 ലക്ഷം രൂപ സംഭാവനയും നല്‍കി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സഹ ഉടമകൾ ഇതിനകം 1.25 കോടി രൂപ സിഎംഡിആര്‍ഡഎഫ് ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
കെബിഎഫ്‌സി ചെയർമാൻ നിമ്മഗദ്ദ പ്രസാദ്, കെബിഎഫ്‌സി ഡയറക്‌ടർ നിഖിൽ ബി. നിമ്മഗദ്ദ, കെബിഎഫ്‌സി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ശുഷേൻ വസിഷ്‌ഠ് എന്നിവരും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. മുഖ്യമന്ത്രിക്ക് കെബിഎഫ്‌സി ജേഴ്‌സിയും സമ്മാനിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എല്ലായ്‌പ്പോഴും സമൂഹത്തിന്‍റെ ക്ഷേമത്തിന് മുൻഗണന നൽകുകയും സംസ്ഥാനം വെല്ലുവിളി നേരിടുന്ന സമയങ്ങളിൽ പിന്തുണ നല്‍കുകയും ചെയ്യുമെന്ന് ഡയറക്‌ടർ നിഖിൽ ബി നിമ്മഗദ്ദ പറഞ്ഞു.
നേരത്തെ കൊവിഡ് കാലത്ത് 500,000 ഹൈഡ്രോക്‌സിക്ലോറോക്വിൻ സൾഫേറ്റ് 200mg ഗുളികകൾ ക്ലബ് സംഭാവന ചെയ്യുകയും 10,000 N95 മാസ്‌കുകൾ കേരള സർക്കാരിന് നൽകുകയും ചെയ്‌തിരുന്നു. 2018ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി കലൂർ, പനമ്പിള്ളി നഗർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ റിലീഫ് മെറ്റീരിയൽ കലക്ഷൻ സെന്‍ററുകളും ക്ലബ് സ്ഥാപിച്ചിരുന്നു.
Also Read: ആരാധകര്‍ക്ക് ഓണവിരുന്നൊരുക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്; ആദ്യ മത്സരം തിരുവോണത്തിന്