അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിട്ടായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിൻ ടെണ്ടുല്‍ക്കര്‍ കളം വിട്ടത്. കളിമൈതാനത്തോട് വിടപറയുമ്പോള്‍ ഏകദിനത്തിലായാലും ടെസ്റ്റിലായാലും ആര്‍ക്കും അത്ര വേഗത്തില്‍ കടന്നുചെല്ലാൻ സാധിക്കാത്ത ഒരു റണ്‍മലയും അദ്ദേഹം സൃഷ്‌ടിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തുടരെ സെഞ്ച്വറികളുമായി ടെസ്റ്റില്‍ സച്ചിന്‍റെ റെക്കോഡിന് ഭീഷണി തീര്‍ക്കുകയാണ് ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട്.
സമകാലിക ക്രിക്കറ്റില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് ജോ റൂട്ട്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായ ജോ നിലവില്‍ പുരോഗമിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പൻ ഫോമിലാണ്. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തിന്‍റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറിയടിക്കാൻ റൂട്ടിനായിരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറിയടിച്ചതോടെ ഇംഗ്ലണ്ടിനായി ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ കൂടുതല്‍ ശതകങ്ങള്‍ തികയ്‌ക്കുന്ന താരമായും റൂട്ട് മാറി. ഇംഗ്ലീഷ് ഇതിഹാസ താരം അലിസ്റ്റര്‍ കുക്കിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡായിരുന്നു ക്രിക്കറ്റിന്‍റെ മെക്കയെന്ന് വിശേഷണമുള്ള ലോര്‍ഡ്‌സില്‍ റൂട്ട് പഴങ്കഥയാക്കിയത്.
34 സെഞ്ച്വറികളാണ് നിലവില്‍ റൂട്ടിന്‍റെ പേരില്‍. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ ഉള്ള താരവും റൂട്ട് തന്നെയാണ്. സ്റ്റീവ് സ്മിത്ത്, കെയ്‌ൻ വില്യംസണ്‍, വിരാട് കോലി എന്നിവരുള്‍പ്പെട്ട ഫാബുലസ് ഫോറിലും സെഞ്ച്വറികണക്കില്‍ റൂട്ട് തന്നെയാണ് നിലവില്‍ കേമൻ.
ടെസ്റ്റില്‍ സെഞ്ച്വറി വേട്ട തുടരുന്നതിനിടെ ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ റണ്‍സെന്ന സച്ചിന്‍റെ റെക്കോഡ് മറികടക്കാൻ റൂട്ടിന് സാധിക്കുമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലീഷ് താരം ഡേവിഡ് ലോയ്ഡ്. 145 മത്സരം കളിച്ച ജോ റൂട്ട് 12377 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. 200 മത്സരങ്ങളില്‍ നിന്നും 15921 റണ്‍സ് നേടിയായിരുന്നു സച്ചിന്‍റെ മടക്കം.
ഈ സാഹചര്യത്തിലാണ് ലോയ്‌ഡിന്‍റെ പ്രവചനം. ഇംഗ്ലണ്ട് കളിക്കുന്ന ടെസ്റ്റ് മത്സരങ്ങളുടെ എണ്ണവും അദ്ദേഹത്തിന്‍റെ കഴിവും പരിഗണിച്ചാല്‍ റൂട്ടിന് സച്ചിൻ പടുത്തുയര്‍ത്തിയ റണ്‍മലയിലേക്ക് അനായാസം എത്താൻ സാധിക്കുമെന്നാണ് ഡേവിഡ് ലോയ്‌ഡിന്‍റെ പ്രവചനം.
Also Read : 'എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല...'; വിരാട് കോലിയുമായുള്ള ബന്ധത്തെ കുറിച്ച് എംഎസ് ധോണി