മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന് എതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനായി മിന്നും പ്രകടനമായിരുന്നു പേസര്‍ ജസ്‌പ്രീത് ബുംറ നടത്തിയത്. നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളാണ് 30-കാരന്‍ വീഴ്‌ത്തിയത്. പഞ്ചാബ് ഇന്നിങ്‌സിന്‍റെ രണ്ടാം ഓവറിലായിരുന്നു ബുംറയ്‌ക്ക് മുംബൈ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യം പന്ത് നല്‍കുന്നത്.
തന്‍റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ താരത്തിന് കഴിഞ്ഞു. റിലീ റൂസ്സോ, സാം കറന്‍ എന്നിവരെയായിരുന്നു തന്‍റെ ആദ്യ ഓവറില്‍ ബുംറ തിരികെ കയറ്റിയത്. പിന്നീട് പഞ്ചാബിന് പ്രതീക്ഷ നല്‍കി തകര്‍ത്തടിക്കുകയായിരുന്ന ശശാങ്ക് സിങ്ങിന്‍റെ പോരാട്ടം അവസാനിപ്പിച്ചതും ബുംറയാണ്. പ്രകടനത്തോടെ മത്സരത്തിലെ താരമായും ജസ്‌പ്രീത് ബുംറ തിരഞ്ഞെടുക്കപ്പെട്ടു.
ഇതിന് ശേഷം മുംബൈയില്‍ തനിക്ക് വേണ്ട റോളിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് 30-കാരന്‍. ടീമിനായി പവര്‍പ്ലേയില്‍ പന്തെറിയാനാണ് താന്‍ ഇഷ്‌ടപ്പെടുന്നതെന്നാണ് ബുംറ തുറന്ന് പറഞ്ഞത്. ഇന്ത്യയ്‌ക്കായും നേരത്തെ മുംബൈ ഇന്ത്യന്‍സിനായും പവര്‍പ്ലേ ഓവറുകളില്‍ പന്തെറിഞ്ഞത് ബുംറ ആയിരുന്നു.
എന്നാല്‍ മുംബൈയുടെ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് മധ്യ ഓവറുകളിലാണ് പലപ്പോഴും താരത്തെ ഉപയോഗിക്കുന്നത്. ബുംറയുമായി താരതമ്യം ചെയ്യുമ്പോള്‍ ജെറാൾഡ് കൊറ്റ്‌സി, ആകാശ് മധ്‌വാൾ എന്നിവര്‍ക്കാണ് ഹാര്‍ദിക് പവർപ്ലേ ഓവറുകളില്‍ കൂടുതൽ പന്ത് നല്‍കുന്നത്. പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കവെ ഇതു സംബന്ധിച്ച് താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ....
"മത്സരങ്ങളുടെ തുടക്കം തന്നെ ഒരു ഇംപാക്‌ട് ഉണ്ടാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ഫോർമാറ്റിൽ, തുടക്കം തന്നെ പന്തില്‍ സ്വിംഗ് ലഭിക്കും. അത് പരമാവധി പ്രയോജനപ്പെടുത്താനാണ് ആഗ്രഹം. ബോളര്‍മാരെ സംബന്ധിച്ച് ഈ ഫോർമാറ്റ് അൽപ്പം ബുദ്ധിമുട്ടാണ്. കാരണം ബാറ്റ്സ്‌മാൻഷിപ്പ് ഉയരുകയാണ്.
കൂടാതെ സമയം നിയന്ത്രണങ്ങളും ഇംപാക്റ്റ് പ്ലെയർ നിയമവുമുണ്ട്. മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തുകയും സ്വയം പിന്തുണയ്‌ക്കുകയും ചെയ്യുക എന്നതാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക. കളിക്കളത്തില്‍ എപ്പോഴും കഴിവിന്‍റെ പരമാവധി നല്‍കാനാണ് എന്‍റെ ശ്രമം"- ജസ്‌പ്രീത് ബുംറ പറഞ്ഞു.
അതേസമയം മത്സരത്തില്‍ പഞ്ചാബിനെ ഒമ്പത് റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 192 റണ്‍സായിരുന്നു അടിച്ചത്. മറുപടിക്ക് ഇറങ്ങിയ പഞ്ചാബ് കിങ്‌സ് 19.1 ഓവറില്‍ 183 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.