മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് (Jasprit Bumrah Likely To Play 3rd Test Against England). പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ് ബുംറ ഇന്ത്യയ്‌ക്കായി നടത്തിയത്. ഈ സാഹചര്യത്തില്‍ താരത്തെ രാജ്‌കോട്ടിലെ മൂന്നാം മത്സരത്തില്‍ നിന്നും ഒഴിവാക്കിയാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് ടീം മാനേജ്‌മെന്‍റ് ഉള്ളതെന്നാണ് ക്രിക്ക്ബസിന്‍റെ റിപ്പോര്‍ട്ട് (Jasprit Bumrah).
ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നായി 58 ഓവറുകളായിരുന്നു ബുംറ പന്തെറിഞ്ഞത്. ഈ സാഹചര്യത്തില്‍ ജോലിഭാരം കുറയ്‌ക്കുന്നതിനായി താരത്തിന് മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിച്ചേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ബുംറയ്‌ക്ക് വിശ്രമം നല്‍കിയാല്‍ മുഹമ്മദ് സിറാജിനെ ടീമിലെത്തിക്കാനായിരുന്നു മാനേജ്‌മെന്‍റിന്‍റെ പദ്ധതി. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് പിന്‍വലിയുന്നു എന്നതിന്‍റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റ് ജസ്‌പ്രീത് ബുംറ ഇതുവരെ നേടിയിട്ടുണ്ട്. സ്‌പിന്നര്‍മാര്‍ മികവ് കാട്ടും എന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് ഇത്തരത്തില്‍ ഒരു തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ച് ബുംറ ഏവരെയും അത്ഭുതപ്പെടുത്തിയത്. പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങളിലും ബുംറ ഇതേ മികവ് ആവര്‍ത്തിക്കുമെന്നാണ് ടീം മാനേജ്‌മെന്‍റിന്‍റെയും ആരാധകരുടെയും വിലയിരുത്തല്‍.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരി 15ന് രാജ്‌കോട്ടില്‍ വച്ചാണ് മൂന്നാം മത്സരം ആരംഭിക്കുന്നത്. ടീം തെരഞ്ഞെടുപ്പിനായി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ഇന്ന് നിര്‍ണായക യോഗം ചേരുമെന്നാണ് സൂചന.
ടീമില്‍ തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ ഫെബ്രുവരി 11ന് രാജ്‌കോട്ടിലെ ടീം ക്യാമ്പില്‍ ചേരണമെന്നാണ് ബിസിസിഐയുടെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ ഇന്നോ നാളെയോ ടീം പ്രഖ്യാപനം ഉണ്ടായേക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും വിട്ടുനിന്ന വിരാട് കോലി ശേഷിക്കുന്ന മത്സരങ്ങളിലും ഉണ്ടാകില്ലെന്നാണ് അഭ്യൂഹം.
വിരാട് കോലി ഇല്ലെങ്കില്‍ രജത് പടിദാര്‍ തന്നെ ഇന്ത്യന്‍ നിരയില്‍ തുടര്‍ന്നേക്കും. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരും സ്ക്വാഡില്‍ ഇടം പിടിക്കാനാണ് സാധ്യത. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ 1-1 എന്ന നിലയിലാണ് ഇരു ടീമും.