ന്യൂയോര്‍ക്ക്: വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യൻ ടീമിലെ എക്കാലത്തെയും മികച്ച ബൗളറാണ് ജസ്‌പ്രീത് ബുംറയെന്ന് മുൻ താരം ഇര്‍ഫാൻ പത്താൻ. ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ ബുംറയുടെ മാച്ച് വിന്നിങ് പെര്‍ഫോമൻസിന് പിന്നാലെയാണ് ഇര്‍ഫാൻ പത്താൻ ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. മത്സരത്തില്‍ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാൻ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കുന്നതായിരുന്നു ബുംറയുടെ പ്രകടനം.
നാസോ കൗണ്ടി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റാണ് ജസ്‌പ്രീത് ബുംറ സ്വന്തമാക്കിയത്. നാല് ഓവര്‍ പന്തെറിഞ്ഞ താരം 14 റണ്‍സ് മാത്രമായിരുന്നു മത്സരത്തില്‍ വിട്ടുനല്‍കിയത്. ഈ പ്രകടനത്തിന് പിന്നാലെയായിരുന്നു ബുംറയ്‌ക്ക് ഇര്‍ഫാൻ പത്താന്‍റെ പ്രശംസ. പത്താന്‍റെ വാക്കുകള്‍ ഇങ്ങനെ...
'മത്സരത്തിന്‍റെ ഏതൊരു സാഹചര്യത്തിലും ടീം ഇന്ത്യയ്‌ക്ക് പന്തേല്‍പ്പിക്കാൻ കഴിയുന്ന ബൗളറാണ് ജസ്‌പ്രീത് ബുംറ. രണ്ട് ഓവര്‍ അവന് ബാക്കി ഉണ്ടായിരുന്ന സമയത്ത് തന്നെ ഞാൻ കമന്‍ററി ബോക്‌സില്‍ പറഞ്ഞിരുന്നു ഇന്ത്യൻ ടീം സേഫ് ആണെന്നുള്ള കാര്യം. അവൻ എപ്പോള്‍ വേണമെങ്കിലും പന്തെറിയാൻ എത്തും.
ഏത് സാഹചര്യത്തിലും കൃത്യമായ ലൈനിലും ലെങ്‌തിലും ബുംറ പന്ത് എറിയും. അതൊരു പ്രത്യേക കഴിവാണ്. ആ കഴിവാണ് പലപ്പോഴും ഇന്ത്യൻ ടീമിനെ ഓരോ മത്സരങ്ങളില്‍ നിലനിര്‍ത്തുന്നതും'- ഇര്‍ഫാൻ പത്താൻ പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ പൂട്ടിയത് ജസ്‌പ്രീത് ബുംറയുടെ രണ്ട് സ്പെല്ലുകള്‍ ആയിരുന്നു. 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് കരുതലോടെ ബാറ്റ് വീശിയ പാകിസ്ഥാന് മത്സരത്തില്‍ ആദ്യ പ്രഹരമേല്‍പ്പിച്ചത് ബുംറയായിരുന്നു. അഞ്ചാം ഓവറില്‍ പാക് നായകൻ ബാബര്‍ അസമിനെ (10 പന്തില്‍ 13) ആയിരുന്നു ഇന്ത്യൻ പേസര്‍ വീഴ്‌ത്തിയത്.
പിന്നീട്, ഇന്ത്യ മത്സരം കൈവിടുമെന്ന് തോന്നിപ്പിച്ച നിമിഷം തിരിച്ചെത്തിയ ബുംറ പാകിസ്ഥാൻ ടോപ് സ്കോറര്‍ മുഹമ്മദ് റിസ്‌വാനെയും (44 പന്തില്‍ 31) കൂടാരം കയറ്റി. പാകിസ്ഥാന് ജയിക്കാൻ അവസാന 12 പന്തില്‍ 21 റണ്‍സ് മാത്രം മതിയെന്ന അവസ്ഥയില്‍ നില്‍ക്കെ മത്സരത്തില്‍ 19-ാം ഓവര്‍ എറിഞ്ഞ ബുംറ മൂന്ന് റണ്‍സാണ് വിട്ടുകൊടുത്തത്. ഇഫ്‌തിഖര്‍ അഹമ്മദിന്‍റെ (9 പന്തില്‍ 5) വിക്കറ്റും ഈ ഓവറില്‍ ബുംറ സ്വന്തമാക്കിയിരുന്നു.
Also Read : അന്ന് കോലി, ഇന്ന് ബുംറ; ഇന്ത്യൻ സ്റ്റാര്‍ പേസറുടെ പ്രകടനത്തില്‍ കയ്യടിച്ച് ആരാധകര്‍ - Fans On Jasprit Bumrah