മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ എംഎസ് ധോണി സിംഗിള്‍ ഓടാന്‍ തയ്യാറാവാതിരുന്നതിനെ വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറും കമന്‍റേറ്ററുമായ ഇര്‍ഫാന്‍ പഠാന്‍. ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്നും ധോണി അതു ചെയ്യരുതായിരുന്നു എന്നുമാണ് ഇര്‍ഫാന്‍ പഠാന്‍റെ വാക്കുകള്‍. ഡാരില്‍ മിച്ചലിനെപ്പോലെ ഒരു അന്താരാഷ്‌ട്ര താരത്തിനെതിരെയുള്ള ധോണിയുടെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
"ധോണി അതു ചെയ്യരുതായിരുന്നു. ഇതൊരു ടീം ഗെയിമാണ്. ഒരു ടീം ഗെയിമില്‍ ഇങ്ങനെ ചെയ്യരുത്. മറുവശത്തുണ്ടായിരുന്നതും ഒരു അന്താരാഷ്‌ട്ര താരമാണ് (ഡാരില്‍ മിച്ചല്‍). അതൊരു ബോളറായിരുന്നുവെങ്കില്‍ ധോണി ചെയ്‌തത് എനിക്ക് പൂര്‍ണമായും മനസിലാവുമായിരുന്നു.
നേരത്തെ, രവീന്ദ്ര ജഡേജയോടും, ഇപ്പോള്‍ ഡാരില്‍ മിച്ചലിനോടും നിങ്ങളത് ചെയ്‌തു. അതു ചെയ്യേണ്ട ആവശ്യമേയില്ല. തീര്‍ച്ചയായും അതു ഒഴിവാക്കേണ്ടതായിരുന്നു" ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
ധോണിയും ഡാരില്‍ മിച്ചലും ക്രീസില്‍ നില്‍ക്കെ 20-ാം ഓവറിന്‍റെ മൂന്നാം പന്തിലായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. അര്‍ഷ്‌ദീപ് സിങ് എറിഞ്ഞ പന്ത് ധോണി ഡീപ് കവറിലേക്ക് അടിച്ചു. ഈ സമയം നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ഡാരില്‍ മിച്ചല്‍ സിംഗിളിനായി ധോണിയ്‌ക്ക് അരികിലേക്ക് ഓടിയെത്തിയിരുന്നു.
എന്നാല്‍ ഓടാന്‍ തയ്യാറാവാതിരുന്ന ധോണി സിംഗിള്‍ നിഷേധിച്ചു. ഇതോടെ താരത്തിന് നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലേക്ക് തിരികെ മടങ്ങേണ്ടിയും വന്നു. ഡയറക്‌ട് ഹിറ്റായാല്‍ റണ്ണൗട്ടാവാന്‍ സാധ്യതയുണ്ടായിരുന്നുവെങ്കിലും ഫീഡല്‍ഡറുടെ വൈഡ് ത്രോയില്‍ സ്റ്റംപില്‍ കൊള്ളാതിരുന്നതോടെ മിച്ചല്‍ രക്ഷപ്പെടുകയും ചെയ്‌തു. മിച്ചല്‍ ഡബിള്‍ ഓടി പൂര്‍ത്തിയാക്കുമ്പോള്‍ മറുവശത്ത് കാഴ്‌ചക്കാരനായി നില്‍ക്കുകയായിരുന്നു ധോണി. ചെന്നൈ മുന്‍ നായകന്‍റെ പ്രവര്‍ത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു.
നാലാം പന്തില്‍ റണ്ണെടുക്കാന്‍ കഴിയാതിരുന്ന ധോണി അഞ്ചാം പന്തില്‍ സിക്‌സറടിച്ചിരുന്നു. ഡീപ് എക്‌സ്‌ട്രാ കവറിലേക്കായിരുന്നു അര്‍ഷ്‌ദീപിനെ 42-കാരന്‍ പറത്തിയത്. അവസാന പന്തില്‍ ഡബിള്‍ ഓടുന്നതിനിടെ താരം റണ്ണൗട്ടാവുകയും ചെയ്‌തു. ഐപിഎല്‍ സീസണില്‍ ഇതാദ്യമായാണ് ധോണി പുറത്താവുന്നത്. ഒരു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 11 പന്തില്‍ 14 റണ്‍സായിരുന്നു സമ്പാദ്യം. മത്സരത്തില്‍ ചെന്നൈയെ പഞ്ചാബ് ഏഴ് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.