ഹൈദരാബാദ്: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ (IPL 2024) കളിച്ച രണ്ട് മത്സരവും പരാജയപ്പെട്ടിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് (Mumbai Indians). സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനോട് ആറ് റണ്‍സിനായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെയും (Hardik Pandya) സംഘത്തിന്‍റെയും തോല്‍വി. രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ (SunRisers Hyderabad) ഹൈ സ്കോറിങ് ത്രില്ലറില്‍ 31 റണ്‍സിനുമായിരുന്നു മുംബൈ ഇന്ത്യൻസ് തോല്‍വി വഴങ്ങിയത് (SRH vs MI Result).
ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് 277 എന്ന കൂറ്റൻ സ്കോറായിരുന്നു അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ മുംബൈയുടെ പോരാട്ടം 246 റണ്‍സില്‍ അവസാനിച്ചു. മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഇടയ്‌ക്ക് റണ്‍സ് കണ്ടെത്തുന്നതില്‍ വേഗത കുറഞ്ഞതാണ് മത്സരത്തില്‍ മുംബൈയ്‌ക്ക് തിരിച്ചടിയായത്.
രോഹിത് ശര്‍മ (26), ഇഷാൻ കിഷൻ (34) സഖ്യം വെടിക്കെട്ട് തുടക്കമാണ് റണ്‍ചേസില്‍ മുംബൈയ്‌ക്ക് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 3.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് 51 റണ്‍സ് അടിച്ചെടുത്തു. പിന്നീട് എത്തിയ നമാൻ ദിറും (30) തിലക് വര്‍മയും (64) തകര്‍ത്ത് അടിച്ചതോടെ മുംബൈ ജയം സ്വന്തമാക്കുമെന്ന് ആരാധകര്‍ പോലും കരുതി.
എന്നാല്‍, ഇവരുടെ പുറത്താകലോടെ കളിയുടെ ഗതി മാറുകയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ ക്യാപ്‌റ്റൻ ഹാര്‍ദിക് പാണ്ഡ്യ ആദ്യ മൂന്ന് പന്തില്‍ 11 റണ്‍സ് നേടിയെങ്കിലും പുറത്താകുമ്പോള്‍ 20 പന്തില്‍ 24 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടതോടെ ആരാധകര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നതും പാണ്ഡ്യയുടെ ഈ ബറ്റിങ്ങാണ്. മുംബൈ നിരയില്‍ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റിന് ഉടമയും ഹാര്‍ദിക് പാണ്ഡ്യയായിരുന്നു (Hardik Pandya Strike Rate In SRH vs MI).
ഇതിനിടെയാണ് മുംബൈയുടെ തോല്‍വിയ്‌ക്ക് ക്യാപ്‌റ്റൻ ഹാര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് മുൻ താരം ഇര്‍ഫാൻ പത്താനും രംഗത്ത് എത്തിയത് (Irfan Pathan Slams Hardik Pandya). 'ടീം ഒന്നടങ്കം 200ന് അടുത്ത സ്ട്രൈക്ക് റേറ്റില്‍ കളിക്കുമ്പോള്‍ ക്യാപ്‌റ്റൻ മാത്രം എങ്ങനെയാണ് 120 പ്രഹരശേഷിയില്‍ ബാറ്റ് വീശുന്നത്' എന്നായിരുന്നു ഇര്‍ഫാൻ പത്താന്‍റെ പ്രതികരണം.