ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ നായകന്‍ സഞ്‌ജു സാംസണ് കനത്ത തിരിച്ചടി. ജയ്‌പൂരില്‍ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് സഞ്ജുവിന് ബിസിസിഐ പിഴ ചുമത്തിയിരിക്കുന്നത്. സീസണില്‍ സഞ്‌ജുവിന് സംഭവിച്ച ആദ്യ പിഴവായതിനാലാണ് ശിക്ഷ 12 ലക്ഷത്തില്‍ ഒതുങ്ങിയിരിക്കുന്നത്.
കുറ്റം ആവര്‍ത്തിച്ചാല്‍ വിലക്കുള്‍പ്പെടെയാണ് സഞ്‌ജുവിനെ കാത്തിരിക്കുന്നത്. ഗുജറാത്തിനെതിരെ നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് രാജസ്ഥാന്‍ എറിഞ്ഞിരുന്നതെന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. അതേസമയം സീസണില്‍ രാജസ്ഥാന്‍ വഴങ്ങുന്ന ആദ്യ തോല്‍വിയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനെതിരായത്.
സ്വന്തം തട്ടകത്തില്‍ മൂന്ന് വിക്കറ്റുകള്‍ക്കായിരുന്നു രാജസ്ഥാന്‍റെ തോല്‍വി. ഒരു ഘട്ടത്തില്‍ കൈവിട്ട കളിയിലേക്ക് അതിനാടകീയമായാണ് ഗുജറത്ത് തിരിച്ചെത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 196 റണ്‍സായിരുന്നു നേടിയിരുന്നത്.
റിയാന്‍ പരാഗ്, സഞ്‌ജു സാംസണ്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളായിരുന്നു രാജസ്ഥാന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ല്. 48 പന്തില്‍ 76 റണ്‍സ് നേടിയ റിയാന്‍ പരാഗ് ടോപ് സ്കോററായപ്പോള്‍ 38 പന്തില്‍ പുറത്താവാതെ 68 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു.
മറുപടിക്ക് ഇറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. 44 പന്തില്‍ 72 റണ്‍സടിച്ച ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്ലാണ് ടീമിന്‍റെ ടോപ് സ്‌കോററായത്. ആദ്യ വിക്കറ്റില്‍ 64 റണ്‍സ് ചേര്‍ത്ത് ശുഭ്‌മാന്‍ ഗില്ലും സായ് സുദര്‍ശനും (29 പന്തില്‍ 35) നല്ലതുടക്കമാണ് ഗുജറാത്തിന് നല്‍കിയത്.
എന്നാല്‍ തുടര്‍ന്നെത്തിയ മാത്യൂ വെയ്‌ഡ് (6 പന്തില്‍ 4), അഭിനവ് മനോഹര്‍ (2 പന്തില്‍ 1), വിജയ് ശങ്കര്‍ (10 പന്തില്‍ 16) എന്നിവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ ശുഭ്‌മാന്‍ ഗില്ലും വീണതോടെ ഗുജറാത്ത് വമ്പന്‍ പ്രതിരോധത്തിലായി.
അവസാന നാല് ഓവറുകളില്‍ 60 റണ്‍സായിരുന്നു ഗുജറാത്തിന് വിജയത്തിനായി വേണ്ടിയിരുന്നത്. 17-ാം ഓവറില്‍ അശ്വിനെതിരെ രാഹുല്‍ തെവാട്ടിയയും ഷാരൂഖ് ഖാനും ചേര്‍ന്ന് 17 റണ്‍സ് നേടി. 18-ാം ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങിയ ആവേശ് ഖാന്‍ ഷാരൂഖ് ഖാനെ (8 പന്തില്‍ 14) മടക്കുക കൂടി ചെയ്‌ത് രാജസ്ഥാന് പ്രതീക്ഷ നല്‍കി.
എന്നാല്‍ കുല്‍ദീപ് സെന്‍ എറിഞ്ഞ 19-ാം ഓവറില്‍ ഓവറില്‍ രാഹുല്‍ തെവാട്ടിയയും റാഷിദ് ഖാനും ചേര്‍ന്ന് 20 റണ്‍സ് നേടി. അവേശ് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ഗുജറാത്തിന് വിജയത്തിനായി വേണ്ടത്. അഞ്ചാം പന്തില്‍ രാഹുല്‍ (11 പന്തില്‍ 22) റണ്ണൗട്ടായെങ്കിലും ഓവറില്‍ ആകെ 17 റണ്‍സടിച്ച് ഗുജറാത്ത് വിജയം ഉറപ്പിക്കുകയായിരുന്നു.