മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 25 പന്തില്‍ 36 റണ്‍സ് നേടിയാണ് രോഹിത്തിന്‍റെ മുന്നേറ്റം. നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി 297 റണ്‍സാണ് രോഹിത്തിന്‍റെ സമ്പാദ്യം.
49.50 ശരാശരിയിലും 164.09 സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്‍റെ പ്രകടനം. രോഹിത്തിന്‍റെ കുതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സുനില്‍ നരെയ്‌നും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്‌ജു സാംസണുമാണ് പിന്നിലായത്. ആറ് മത്സരങ്ങളില്‍ നിന്നും 276 റണ്‍സാണ് നരെയ്‌ന്‍ നേടിയിട്ടുള്ളത്. ഏഴ് മത്സരങ്ങളില്‍ നിന്നും ഇത്രയും റണ്‍സാണ് സഞ്‌ജുവിന്‍റെ സമ്പാദ്യം. നിലവില്‍ നരെയ്‌ന്‍ നാലാമതും സഞ്‌ജു അഞ്ചാമതുമാണുള്ളത്.
സ്‌പിന്നറായ നരെയ്‌ന് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ പോലും ഇടം ലഭിച്ചിട്ടില്ല. എന്നാല്‍ 46.00 ശരാശരിയിലും 187.75 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്ണടിച്ച് കൂട്ടുന്നത്. സഞ്‌ജുവിന്‍റെ ശരാശരി 55.20 ആണ്. 155.05 സ്‌ട്രൈക്ക് റേറ്റാണ് രാജസ്ഥാന്‍ ക്യാപ്റ്റനുള്ളത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഓപ്പണര്‍ വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്നായി 361 റണ്‍സാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. 72.20 ശരാശരിയുള്ള കോലിയുടെ സ്ട്രൈക്ക് റേറ്റ് 147.34 ആണ്. രാജസ്ഥാന്‍റെ യുവ താരം റിയാന്‍ പരാഗാണ് രണ്ടാം സ്ഥാനത്ത്.
ഏഴ് മത്സരങ്ങളില്‍ നിന്നായി 318 റണ്‍സാണ് പരാഗ് നേടിയിട്ടുള്ളത്. 63.60 ശരാശരിയും 161.42 സ്‌ട്രൈക്ക് റേറ്റുമാണ് പരാഗിനുള്ളത്. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്ലാണ് സഞ്‌ജുവിന് പിന്നില്‍ ആറാം സ്ഥാനത്തുള്ളത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 43.83 ശരാശരിയിലും 151.15 സ്‌ട്രൈക്ക് റേറ്റിലും 263 റണ്‍സാണ് ഗില്‍ നേടിയത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഹെൻറിച്ച് ക്ലാസനാണ് ഏഴാമത്. ആറ് മത്സരങ്ങളില്‍ നിന്നായി 253 റണ്‍സാണ് ക്ലാസന്‍ നേടിയിട്ടുള്ളത്. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറാണ് എട്ടാമതുള്ളത്. ആറ് മത്സരങ്ങളില്‍ നിന്ന് 250 റണ്‍സാണ് ബട്‌ലര്‍ നേടിയിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ശിവം ദുബെയാണ് ഒമ്പതാമതുള്ളത്.
ആറ് മത്സരങ്ങളില്‍ നിന്നായി 242 റണ്‍സാണ് ദുബെയുടെ സമ്പാദ്യം. ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശനാണ് പത്താം സ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ നിന്നും 238 റണ്‍സാണ് സായ് സുദര്‍ശന്‍ നേടിയത്.