ജയ്‌പൂര്‍: ഐപിഎല്‍ പതിനേഴാം പതിപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തി രാജസ്ഥാൻ റോയല്‍സ് നായകനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണ്‍. റോയല്‍സിന്‍റെ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ പുറത്താകാതെ 28 പന്തില്‍ 38 റൺസാണ് സഞ്ജു നേടിയത്. ഇതോടെ, എട്ട് മത്സരങ്ങളില്‍ നിന്നും റോയല്‍സ് നായകന്‍റെ സമ്പാദ്യം 62.80 ശരാശരിയിലും 152.42 സ്ട്രൈക്ക് റേറ്റിലും 314 റണ്‍സായി.
മുംബൈയ്‌ക്കെതിരായ മത്സരത്തിന് മുൻപ് പട്ടികയില്‍ എട്ടാമതായിരുന്നു സഞ്ജുവിന്‍റെ സ്ഥാനം. എന്നാല്‍, മുംബൈയ്‌ക്കെതിരായ പ്രകടനത്തോടെ നാല് സ്ഥാനം മെച്ചപ്പെടുത്തിയ സഞ്ജു കെഎല്‍ രാഹുല്‍, സുനില്‍ നരെയ്‌ൻ, ശുഭ്‌മാൻ ഗില്‍, രോഹിത് ശര്‍മ എന്നിവരെയാണ് പിന്നിലാക്കിയത്. നിലവില്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ആദ്യ അഞ്ചില്‍ മറ്റൊരു രാജസ്ഥാൻ താരമായ റിയാൻ പരാഗുമുണ്ട്.
പട്ടികയിലെ മൂന്നാം സ്ഥാനക്കാരനാണ് പരാഗ്. സീസണിലെ എട്ട് മത്സരത്തിലെ ഏഴ് ഇന്നിങ്‌സില്‍ നിന്നായി 318 റണ്‍സാണ് റോയല്‍സ് മധ്യനിര ബാറ്ററുടെ സമ്പാദ്യം. 63.60 ശരാശരിയില്‍ 161.42 ആണ് താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ്.
അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ വിരാട് കോലിയാണ് ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. എട്ട് മത്സരങ്ങളില്‍ നിന്നും 63.17 ശരാശരിയില്‍ 379 റണ്‍സാണ് കോലി ഇതുവരെ അടിച്ചെടുത്തത്. 150.39 പ്രഹരശേഷിയിലാണ് താരം സീസണില്‍ ബാറ്റ് വീശുന്നത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ആറ് മത്സരം മാത്രം കളിച്ച താരം ഇതുവരെ 324 റണ്‍സ് നേടിയിട്ടുണ്ട്. 216 സ്‌ട്രൈക്ക് റേറ്റില്‍ 54 ആണ് താരത്തിന്‍റെ ബാറ്റിങ് ശരാശരി.
മുംബൈ താരം രോഹിത് ശര്‍മയാണ് നിലവില്‍ ലിസ്റ്റിലെ അഞ്ചാം സ്ഥാനക്കാരൻ. എട്ട് കളിയില്‍ നിന്നും 303 റണ്‍സാണ് രോഹിത് ശര്‍മയുടെ സമ്പാദ്യം. 162.90 ആണ് മുൻ മുംബൈ നായകന്‍റെ ഈ ഐപിഎല്‍ സീസണിലെ ഇതുവരെയുള്ള സ്‌ട്രൈക്ക് റേറ്റ്. ശുഭ്‌മാൻ ഗില്‍ (298), സുനില്‍ നരെയ്‌ൻ (286), കെഎല്‍ രാഹുല്‍ (286), ജോസ് ബട്‌ലര്‍ (285), തിലക് വര്‍മ (273) എന്നിവരാണ് ലിസ്റ്റില്‍ യഥാക്രമം ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.