മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ അനായാസ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്‌ത ബെംഗളൂരു ഉയര്‍ത്തിയ 197 റണ്‍സിന്‍റെ വിജയ ലക്ഷ്യം 15.3 ഓവറിലാണ് മുംബൈ മറികടന്നത്. സ്‌കോര്‍: ബെംഗളൂരു 196/8 (20), മുംബൈ 199യ3 (15.3). സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ രണ്ടാമത്തെ വിജയവും ബെംഗളൂരുവിന്‍റെ അഞ്ചാമത്തെ തോല്‍വിയുമാണിത്.
ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69), സൂര്യകുമാര്‍ യാദവ് (19 പന്തില്‍ 52) എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളാണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും നല്‍കിയത്. ഒമ്പതാം ഓവറില്‍ കൂട്ടുകെട്ട് പിരിയുമ്പോള്‍ 101 റണ്‍സായിരുന്നു മുംബൈയുടെ ടോട്ടലില്‍ ഉണ്ടായിരുന്നത്.
ഇഷാന്‍ കിഷനെ ആകാശ്‌ദീപ് സിങ്ങാണ് വീഴ്‌ത്തിയത്. ഏഴ് ഫോറുകളും അഞ്ച് സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ സൂര്യ വന്നപാടെ അടി തുടങ്ങിയതോടെ മുംബൈ സ്‌കോര്‍ ബോര്‍ഡ് കുതിച്ചു. ഇതിനിടെ രോഹിത്തിനെ വില്‍ ജാക്‌സ് മടക്കിയെങ്കിലും തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യയും അടിച്ചുപൊളിക്കുള്ള മൂഡിലായിരുന്നു. നാലാം വിക്കറ്റില്‍ ഹാര്‍ദിക്കിനൊപ്പം 37 റണ്‍സ് ചേര്‍ത്ത് സൂര്യ മടങ്ങി.
പരിക്ക് കളിക്കാന്‍ ഇറങ്ങിയ ആദ്യ മത്സരത്തില്‍ ഡക്കിന് പുറത്തായ സൂര്യ നിരാശപ്പെടുത്തിയിരുന്നു. ഇതിന്‍റെ ക്ഷീണം തീര്‍ത്ത് തിരികെ കയറുമ്പോള്‍ അഞ്ച് ഫോറുകളും നാല് സിക്‌സറുകളുമായിരുന്നു സൂര്യയുടെ അക്കൗണ്ടില്‍. തുടര്‍ന്ന് ഒന്നിച്ച ഹാര്‍ദിക് പാണ്ഡ്യ (6 പന്തില്‍ 21*) - തിലക് വര്‍മ (10 പന്തില്‍ 16*) സഖ്യം ടീമിന്‍റെ വിജയം ഉറപ്പിച്ചു. ബെംഗളൂരുവിനായി പന്തെടുത്ത താരങ്ങളെല്ലാം അടിവാങ്ങി.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബെംഗളൂരുവിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ വെറും 14 റണ്‍സ് മാത്രം നില്‍ക്കെ വിരാട് കോലിയെ (9 പന്തില്‍ 3) ജസ്‌പ്രീത് ബുംറ ഇഷാന്‍ കിഷന്‍റെ കയ്യിലെത്തിച്ചു. പിന്നാലെ അരങ്ങേറ്റക്കാരന്‍ വില്‍ ജാക്‌സും (6 പന്തില്‍ 8) തിരികെ കയറി. തുടര്‍ന്ന് ഒന്നിച്ച ഫാഫ് ഡുപ്ലെസിസ്-രജത് പടിദാര്‍ സഖ്യം മികച്ച രീതിയില്‍ കളിച്ചു.
ഇരുവരും ചേര്‍ന്ന് 82 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. രജതിനെ (26 പന്തില്‍ 50) മടക്കി ജെറാള്‍ഡ് കോട്‌സിയാണ് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കിയക്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (4 പന്തില്‍ 0) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. തുടര്‍ന്നെത്തിയവരില്‍ ദിനേശ് കാര്‍ത്തിക് (23 പന്തില്‍ 53) ഒരറ്റത്ത് കത്തിക്കയറിയെങ്കിലും മറ്റുള്ളവര്‍ ബുംറയ്‌ക്ക് മുന്നില്‍ കീഴടങ്ങി.
മഹിപാല്‍ ലോംറോര്‍ (1 പന്തില്‍ 0), സൗരവ് ചൗഹാന്‍ (8 പന്തില്‍ 9), വിജയ്‌കുമാര്‍ (1 പന്തില്‍ 0) എന്നിവര്‍ പുറത്തായപ്പോള്‍ ദിനേശ് കാര്‍ത്തികിനൊപ്പം ആകാശ്‌ദീപ് സിങ് (2 പന്തില്‍ 2*) പുറത്താവാതെ നിന്നു. മുംബൈക്കായി ബുംറ നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി. ബുംറയാണ് മത്സരത്തിലെ താരം.