മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് ബാറ്റിങ്. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മുംബൈയുടെ തട്ടകമായ വാങ്കഡെയിലാണ് മത്സരം നടക്കുന്നത്.
വിക്കറ്റ് മികച്ചതായി തോന്നുന്നു. വാങ്കഡെയില്‍ ചേസ് ചെയ്യാന്‍ കഴിയും. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയതായും റിഷഭ് പന്ത് പറഞ്ഞു.
ടോസ് ലഭിച്ചാല്‍ ബോളിങ് തന്നെയാവും തിരഞ്ഞെടുക്കുകയെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. എന്നാല്‍ ആദ്യം ബാറ്റു ചെയ്യുന്നതില്‍ ഒരു പ്രശ്‌നവുമില്ല. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മൂന്ന് മാറ്റങ്ങളുണ്ടെന്ന് ഹാര്‍ദിക് അറിയിച്ചു. സൂര്യകുമാര്‍ യാദവ്, ഹമ്മദ് നബി, റൊമാരിയോ ഷെപ്പേർഡ് എന്നിവരാണ് പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. കഴിഞ്ഞ ഡിസംബറിലേറ്റ പരിക്കിന്‍റെ ഇടവേളയ്‌ക്ക് ശേഷം ആദ്യമായാണ് സൂര്യ കളത്തിറങ്ങുന്നത്.
മുംബൈ ഇന്ത്യൻസ് (പ്ലേയിങ് ഇലവൻ): രോഹിത് ശർമ, ഇഷാൻ കിഷൻ(ഡബ്ല്യു), സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ(സി), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേർഡ്, പിയൂഷ് ചൗള, ജെറാൾഡ് കോറ്റ്‌സി, ജസ്പ്രീത് ബുംറ.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ, പൃഥ്വി ഷാ, അഭിഷേക് പോറൽ, റിഷഭ് പന്ത് (ഡബ്ല്യു/സി), ട്രിസ്റ്റൻ സ്റ്റബ്‌സ്, അക്‌സർ പട്ടേൽ, ലളിത് യാദവ്, ജെ റിച്ചാർഡ്‌സൺ, ആൻറിച്ച് നോർട്ട്ജെ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.
സീസണില്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ നാലാമത്തേയും ഡല്‍ഹി ക്യാപിറ്റല്‍സ് അഞ്ചാമത്തേയും മത്സരത്തിനാണ് ഇറങ്ങുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ മുംബൈ ഇന്ത്യന്‍സ് നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏറ്റവും താഴെ പത്താമതാണ്. നാല് മത്സരങ്ങളില്‍ ഒരു ജയം നേടിയ ഡല്‍ഹി ഒമ്പതാമതും. ഇതോടെ വാങ്കഡെയില്‍ മത്സരം പിടിച്ച് വിജയ വഴിയിലേക്കെത്താനാവും ഡല്‍ഹിയും മുംബൈയും ലക്ഷ്യം വയ്‌ക്കുക.
ALSO READ: എന്തുകൊണ്ട് ആര്‍സിബി തോല്‍ക്കുന്നു; കാരണം ഇതെന്ന് ഇര്‍ഫാന്‍ പഠാന്‍ - Irfan Pathan On RCB
ഐപിഎല്ലില്‍ ഇതുവരെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഡല്‍ഹിക്ക് മേല്‍ മുംബൈക്ക് നേരിയ മുന്‍തൂക്കമുണ്ട്. നേരത്തെ 33 മത്സരങ്ങളിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 18 മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് വിജയം നേടിയപ്പോള്‍ 15 എണ്ണമാണ് ഡല്‍ഹിക്കൊപ്പം നിന്നത്. സീസണില്‍ അഭിമാനപ്പോരിന് ഇറങ്ങുന്ന ഇരു ടീമുകളില്‍ ആര്‍ക്കൊപ്പമാവും ഇന്ന് വിജയം നില്‍ക്കുകയെന്ന് കണ്ടുതന്നെ അറിയാം.