മുംബൈക്ക് കനത്ത തിരിച്ചടി; ഹാര്‍ദിക്കിന് കനത്ത പിഴ, ടീമംഗങ്ങളെയും ശിക്ഷിച്ച് ബിസിസിഐ - Hardik Pandya Fined - HARDIK PANDYA FINED
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നാല് വിക്കറ്റിന് തോല്‍വി വഴങ്ങിയിരുന്നു.
Published : May 1, 2024, 12:20 PM IST
ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍തോല്‍വികളില്‍ വലയുന്ന മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കനത്ത പിഴ. 24 ലക്ഷം രൂപയാണ് ഹാര്‍ദിക് പിഴയൊടുക്കേണ്ടത്.
കുറഞ്ഞ ഓവര്‍ നിരക്കിന് സീസണിൽ ലഭിച്ച രണ്ടാമത്തെ പിഴയായതിനാലാണ് തുക 24 ലക്ഷത്തിലേക്ക് എത്തിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക്കിന് പുറമെ ടീമിലെ ഇംപാക്‌ട് പ്ലെയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പിഴയുണ്ട്. മാച്ച് ഫീയുടെ 25 ശതമാനമോ അല്ലെങ്കില്‍ ആറ് ലക്ഷം രൂപയോ ഇതില്‍ ഏതാണോ കുറവ് ആ തുകയാണ് കളിക്കാര്‍ വ്യക്തിഗതമായി പിഴയടയ്‌ക്കേണ്ടത്.
ഇന്നലെ ലഖ്‌നൗവിനെതിരെ അവരുടെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് മുംബൈ ഒരു ഓവര്‍ പിന്നിലായിരുന്നുവെന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. മത്സരത്തില്‍ മുംബൈ നാല് വിക്കറ്റുകള്‍ക്കായിരുന്നു തോല്‍വി വഴങ്ങിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സായിരുന്നു നേടിയിരുന്നത്. 41 പന്തില്‍ 46 റണ്‍സടിച്ച നെഹാല്‍ വധേര ടോപ് സ്‌കോററായി.
18 പന്തില്‍ 35 റണ്‍സടിച്ച് പുറത്താവാതെ നിന്ന ടിം ഡേവിഡും 36 പന്തില്‍ 32 റണ്‍സ് നേടിയ ഇഷാന്‍ കിഷനുമാണ് നിര്‍ണായക സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍. 27 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ മുംബൈക്ക് നഷ്‌ടമായിരുന്നു. രോഹിത് ശര്‍മ (5 പന്തില്‍ 4), സൂര്യകുമാര്‍ യാദവ് (6 പന്തില്‍ 10), തിലക് വര്‍മ (11 പന്തില്‍ 7), ഹാര്‍ദിക് പാണ്ഡ്യ (1 പന്തില്‍ 0) എന്നിവരായിരുന്നു തീര്‍ത്തും നിരാശപ്പെടുത്തിയത്.
തുടര്‍ന്ന് ഇഷാന്‍ കിഷനും നേഹലും ചേര്‍ന്ന് 53 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. ഇഷാന്‍ വീണതോടെ എത്തിയ ഡേവിഡ് മികച്ച രീതിയില്‍ കളിച്ചതാണ് മുംബൈയെ മാന്യമായ നിലയിലേക്ക് എത്തിച്ചത്. ഇതിനിടെ നേഹലിനേയും ലഖ്‌നൗ ബോളര്‍മാര്‍ തിരികെ കയറ്റി. മുഹമ്മദ് നബിയാണ് (2 പന്തില്‍ 1) പുറത്തായ മറ്റൊരു തരം. ജെറാള്‍ഡ് കോറ്റ്‌സി (2 പന്തില്‍ 1) പുറത്താവാതെ നിന്നു.
മറുപടിക്ക് ഇറങ്ങിയ ലഖ്‌നൗ 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. മാര്‍ക്കസ് സ്റ്റോയിനിസ് ടീമിനായി അര്‍ധ സെഞ്ചുറി നേടി. 45 പന്തില്‍ ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സും സഹിതം 62 റണ്‍സായിരുന്നു താരം നേടിയത്. കെഎല്‍ രാഹുല്‍ (22 പന്തില്‍ 28), ദീപക് ഹൂഡ (18 പന്തില്‍ 18), നിക്കോളാസ് പുരാന്‍ (14 പന്തില്‍ 14*) എന്നിവരാണ് പ്രധാന സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍.