മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ വമ്പന്‍ വിജയം സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ബെംഗളൂരു നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തി 196 റണ്‍സായിരുന്നു നേടിയിരുന്നത്. മറുപടിക്ക് ഇറങ്ങിയ മുംബൈ വെറും മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 27 പന്തുകള്‍ ബാക്കി നിര്‍ത്തിയായിരുന്നു മുംബൈയുടെ മിന്നും വിജയം.
ഐപിഎല്‍ ചരിത്രത്തില്‍ തന്നെ 190 റണ്‍സോ അതിന് മുകളിലോ ഉള്ള ലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുമ്പോള്‍ ഏറ്റവും കൂടതല്‍ പന്തുകള്‍ ബാക്കി നിര്‍ത്തിയ റെക്കോഡില്‍ ആദ്യ നാല് സ്ഥാനവും നിലവില്‍ മുംബൈ ഇന്ത്യന്‍സിന് മാത്രം സ്വന്തമാണ്. 2014-ല്‍ വാങ്കഡെയില്‍ രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 190 റണ്‍സിന്‍റെ ലക്ഷ്യം 32 പന്തുകള്‍ ബാക്കി നിര്‍ത്തിയായിരുന്നു മുംബൈ ഇന്ത്യന്‍സ് അടിച്ചെടുത്തത്. റെക്കോഡ് പട്ടികയില്‍ മുംബൈയുടെ ഈ നേട്ടമാണ് തലപ്പത്തുള്ളത്.
2017-ല്‍ ഇന്‍ഡോറില്‍ പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 199 റണ്‍സിന്‍റെ ലക്ഷ്യം 27 പന്തുകള്‍ ബാക്കിയാക്കിയായിരുന്നു മുംബൈ നേടിയത്. ഇതിന് പിന്നിലാണ് വാങ്കഡെയില്‍ ബെംഗളൂവിനെതിരായ ഇന്നലത്തെ വിജയം ഇടം നേടിയിരിക്കുന്നത്. 2023-ല്‍ വാങ്കഡെയില്‍ തന്നെ ബെംഗളൂരു ഉയര്‍ത്തിയ 200 റണ്‍സ് ലക്ഷ്യം 21 പന്തുകള്‍ ബാക്കി നില്‍ക്കെ മുംബൈ മറികടന്നിരുന്നു.
അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബെംഗളൂരുവിനെ ഫാഫ് ഡുപ്ലെസിസ് (40 പന്തില്‍ 61), ദിനേശ് കാര്‍ത്തിക് (23 പന്തില്‍ 53*), രജത് പടിദാര്‍ (26 പന്തില്‍ 50) എന്നിവരുടെ ഇന്നിങ്‌സുകളാണ് മികച്ച നിലയിലേക്ക് എത്തിച്ചത്. മുബൈക്കായി നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങിയ ജയ്‌പ്രീത് ബുംറ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു.
വലിയ ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ മുംബൈക്കായി ബാറ്റുചെയ്യാനെത്തിയവരെല്ലാം മിന്നും പ്രകടനമാണ് കാഴ്‌ചവച്ചത്. 34 പന്തില്‍ ഏഴ് ബൗണ്ടറികളും അഞ്ച് സിക്‌സും സഹിതം 69 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ ടോപ് സ്‌കോററായി. 19 പന്തില്‍ അഞ്ച് ബൗണ്ടറികളും നാല് സിക്‌സറും സഹിതം 52 റണ്‍സുമായി സൂര്യകുമാര്‍ യാദവും ഒപ്പം പിടിച്ചു. രോഹിത് ശര്‍മ (24 പന്തില്‍ 38), ഹാര്‍ദിക് പാണ്ഡ്യ (6 പന്തില്‍ 21*), തിലക് വര്‍മ (10 പന്തില്‍ 16*) എന്നിവരും തിളങ്ങി.