അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മുന്നില്‍ 201 റണ്‍സിന്‍റെ വിജയ ലക്ഷ്യമുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. സ്വന്തം തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് 200 റണ്‍സിലേക്ക് എത്തിയത്.
സായ് സുദര്‍ശന്‍, ഷാറൂഖ് ഖാന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഗുജറാത്ത് ഇന്നിങ്‌സിന്‍റെ നട്ടെല്ല്. 49 പന്തില്‍ പുറത്താവാതെ 84 റണ്‍സെടുത്ത സായ് സുദര്‍ശന്‍ ടോപ് സ്‌കോററായി. മോശം തുടക്കമായിരുന്നു ഗുജറാത്തിന് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ (4 പന്തില്‍ 5) സ്വപ്‌നില്‍ സിങ് പുറത്താക്കി.
പിന്നാലെ ശുഭ്‌മാന്‍ ഗില്‍ (19 പന്തില്‍ 16) മടങ്ങുമ്പോള്‍ 45 റണ്‍സ് മാത്രമായിരുന്നു ഗുജറാത്ത് ടോട്ടലില്‍. താളം കണ്ടെത്താന്‍ പ്രയാസപ്പെട്ട ഗില്ലിനെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ പന്തില്‍ കാമറൂണ്‍ ഗ്രീന്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച സായ് സുദര്‍ശനും ഷാറൂഖ് ഖാനും നന്നായി കളിച്ചത് ഗുജറാത്തിന് ഏറെ നിര്‍ണായകമായി.
86 റണ്‍സ് നീണ്ട കൂട്ടുകെട്ട് പൊളിക്കുന്നത് മുഹമ്മദ് സിറാജാണ്. 30 പന്തില്‍ മൂന്ന് ബൗണ്ടറികളും അഞ്ച് സിക്‌സറും സഹിതം 58 റണ്‍സടിച്ച ഷാറൂഖ് ഖാന്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നീട് സുദര്‍ശന്‍ ഒരറ്റത്ത് തകര്‍ത്തടിച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ പിന്തുണ നല്‍കി. പിരിയാത്ത നാലാം വിക്കറ്റില്‍ 69 റണ്‍സാണ് ഇരുവരും ചേര്‍ത്തത്.
19 പന്തില്‍ പുറത്താവാതെ 26 റണ്‍സാണ് ഡേവിഡ് മില്ലറുടെ സംഭാവന. സായ് സുദര്‍ശന്‍ എട്ട് ബൗണ്ടറികളും നാല് സിക്‌സറുകളും നേടി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി സ്വപ്‌നില്‍ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. കാമറൂണ്‍ ഗ്രീന്‍ മൂന്ന് ഓവറില്‍ 42 റണ്‍സും കരണ്‍ ശര്‍മ 38 റണ്‍സും വഴങ്ങി.
പോയിന്‍റ് ടേബിളില്‍ താഴെയാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റേയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ സ്ഥാനം. സീസണില്‍ തങ്ങളുടെ 10-ാം മത്സരമാണ് ഇരു ടീമുകളും കളിക്കുന്നത്. കളിച്ച ഒമ്പതില്‍ ഏഴും തോല്‍വി വഴങ്ങിയ ബെംഗളൂരു പോയിന്‍റ് ടേബിളില്‍ 10-ാം സ്ഥാനത്താണ്. ഒമ്പതില്‍ നാല് വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞ ഗുജറാത്ത് ഏഴാമതാണ്.