ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2024) ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ (Chennai Super Kings) മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്ലിന് (Shubman Gill) തുടര്‍പ്രഹരനമായി കനത്ത പിഴ. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് പിഴയായി ശുഭ്‌മാന്‍ ഗില്ലിന് അധികൃതര്‍ വിധിച്ചിരിക്കുന്നത്. സീസണിലെ ആദ്യ പിഴവായതിനാലാണ് ശിക്ഷ 12 ലക്ഷത്തില്‍ ഒതുങ്ങിയിരിക്കുന്നത്.
രണ്ടാം തവണയും കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ഗില്ലിന് ഒരു മത്സരത്തില്‍ വിലക്ക് നേരിടേണ്ടിവരും. അതേസമയം 17-ാം സീസണില്‍ പിഴ വിധിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ അച്ചടക്ക ലംഘനത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസര്‍ ഹര്‍ഷിത് റാണയ്‌ക്കായിരുന്നു നടപടി നേരിടേണ്ടി വന്നത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഹര്‍ഷിത് അതിരുകടന്നത്. മാച്ച് ഫീയുടെ 60 ശതമാനമായിരുന്നു താരത്തിന് അധികൃതര്‍ പിഴയിട്ടത്. ഹര്‍ഷിത് റാണ കുറ്റം സമ്മതിച്ചതിനാല്‍ സംഭവത്തില്‍ ഔദ്യോഗിക വാദം കേള്‍ക്കലുണ്ടായിരുന്നില്ല.
അതേസമയം ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 63 റണ്‍സിന്‍റെ കൂറ്റന്‍ പരാജയമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് ഏറ്റുവാങ്ങിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ചെന്നൈക്കായി ബാറ്റര്‍മാര്‍ നിറഞ്ഞാടിയതോടെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 206 റണ്‍സായിരുന്നു ടീം നേടിയത്. 23 പന്തുകളില്‍ 51 റണ്‍സ് അടിച്ച ശിവം ദുബെ ടോപ് സ്‌കോററായപ്പോള്‍ 20 പന്തില്‍ 46 റണ്‍സ് നേടിയ രചിന്‍ രവീന്ദ്ര, 36 പന്തില്‍ 46 റണ്‍സ് കണ്ടെത്തിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരും തിളങ്ങി.
മറുപടിക്ക് ഇറങ്ങിയ ഗുജറാത്ത് ബാറ്റര്‍മാരെ ചെന്നൈ ബോളര്‍മാര്‍ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. 31 പന്തില്‍ 37 റണ്‍സ് നേടിയ സായ് സുദര്‍ശനായിരുന്നു അല്‍പമെങ്കിലും പൊരുതിയത്. 21 റണ്‍സ് വീതമെടുത്ത ഡേവിഡ് മില്ലറും വൃദ്ധിമാന്‍ സാഹയുമായിരുന്നു രണ്ടാമത്തെ ടോപ് സ്‌കോറര്‍മാര്‍.
ALSO READ: പിഴയില്ലാത്തൊരു ഫ്ലൈയിങ് കിസ്; മായങ്കിനെ കളിയാക്കി രോഹിത് ശര്‍മ - IPL 2024
കഴിഞ്ഞ വര്‍ഷത്തെ ഓറഞ്ച് ക്യാപ് ജേതാവ് കൂടിയായ ഗില്ലിന് അഞ്ച് പന്തുകളില്‍ എട്ട് റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ചെന്നൈക്കായി ദീപക് ചഹാര്‍, മുസ്‌തഫിസുര്‍ റഹ്മാന്‍, തുഷാര്‍ ദേശ്‌പാണ്ഡെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ചെന്നൈക്കെതിരായ കൂറ്റന്‍ തോല്‍വി ഗുജറാത്തിന്‍റെ നെറ്റ് റണ്‍റേറ്റിനെ സാരമായി തന്നെ ബാധിക്കാന്‍ ഇടയുണ്ട്.