മുംബൈ : ഐപിഎല്‍ പതിനേഴാം പതിപ്പിന്‍റെ (IPL 2024) കിരീട പോരാട്ടത്തിന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയം (MA Chidambaram Stadium, Chennai) വേദിയാകുമെന്ന് റിപ്പോര്‍ട്ട്. മെയ് 26നാണ് ഫൈനല്‍ നടക്കുക എന്നാണ് സൂചന. ഫൈനല്‍ കൂടാതെ രണ്ടാം ക്വാളിഫയറിനും ചെപ്പോക്ക് വേദിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിസിസിഐയുടെ (BCCI) ഒരു ഉന്നത ഉദ്യാഗസ്ഥൻ വാര്‍ത്ത ഏജന്‍സിയായ പിടിഐയ്‌ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ടീമിന്‍റെ ഹോം ഗ്രൗണ്ടില്‍ തന്നെ ഉദ്ഘാടന മത്സരവും ഫൈനലും നടത്തുന്ന രീതി ഇത്തവണയും ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ പിന്തുടരുമെന്നാണ് അദ്ദേഹം നല്‍കിയ സൂചന. അതേസമയം, പ്ലേ ഓഫിലെ രണ്ട് മത്സരങ്ങള്‍ക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒന്നാം ക്വാളിഫയറും എലിമിനേറ്ററും ആയിരിക്കും അഹമ്മദാബാദില്‍ നടക്കുക എന്നാണ് വിവരം. കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പുകളായ ഗുജറാത്ത് ടൈറ്റൻസിന്‍റെ ഹോം ഗ്രൗണ്ടാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം (Narendra Modi Stadium, Ahmedabad). അതേസമയം, ഈ കാര്യത്തില്‍ ബിസിസിഐയുടെ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
പൊതു തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തില്‍ ആദ്യ 21 മത്സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. ചെപ്പോക്ക്, ഈഡൻ ഗാര്‍ഡൻസ്, മുല്ലാൻപൂര്‍, സവായ് മാന്‍സിങ് സ്റ്റേഡിയം, നരേന്ദ്ര മോദി സ്റ്റേഡിയം, ചിന്നസ്വാമി, ഉപ്പല്‍, വാങ്കഡെ, ഏകന, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് സീസണിലെ മറ്റ് മത്സരങ്ങള്‍.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ രണ്ട് ഘട്ടങ്ങളിലായിട്ടാകും ഐപിഎല്‍ ഇക്കുറി നടത്തുക എന്ന് നേരത്തെ തന്നെ ബിസിസിഐ വ്യക്തമാക്കിയതാണ്. മത്സരങ്ങള്‍ വിദേശത്ത് സംഘടിപ്പിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം ബിസിസിഐ തള്ളിയിരുന്നു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂള്‍ ബിസിസിഐ ഉടൻ പുറത്തുവിടാനാണ് സാധ്യത.