ടോക്യോ : 2024-ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടവുമായി ദീപ്‌തി ജീവൻജി. വനിതകളുടെ ടി-20 400 മീറ്ററില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം. ലോക റെക്കോഡോടെയാണ് ദീപ്‌തി ജീവൻജി സ്വര്‍ണത്തിലേക്ക് കുതിച്ചത്. ലോക പാരാ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. 55.07 സെക്കൻഡിലാണ് ദീപ്‌തി ഫിനിഷ് ചെയ്‌തത്.
ഇതോടെ അമേരിക്കയുടെ ബ്രെന്ന ക്ലാർക്കിന്‍റെ റെക്കോഡാണ് തകര്‍ന്നത്. കഴിഞ്ഞ വർഷം പാരീസിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 55.12 സെക്കൻഡില്‍ ഓടിയെത്തിയാണ് അമേരിക്കന്‍ താരം ലോക റെക്കോഡ് തീര്‍ത്തിരുന്നത്. നേരത്തെ 56.18 സെക്കൻഡിൽ പുതിയ ഏഷ്യൻ റെക്കോർഡ് സ്ഥാപിച്ച ദീപ്‌തി ഫൈനലിലേക്ക് യോഗ്യത നേടുകയും പാരീസ് 2024 പാരാലിമ്പിക്‌സ് ക്വാട്ട നേടുകയും ചെയ്‌തു.
തുർക്കിയുടെ എയ്‌സൽ ഒണ്ടർ 55.19 സെക്കൻഡുമായി രണ്ടാം സ്ഥാനവും ഇക്വഡോറിന്‍റെ ലിസാൻഷേല അംഗുലോ 56.68 സെക്കൻഡുമായി മൂന്നാം സ്ഥാനവും നേടി. അതേസമയം പുരുഷൻമാരുടെ എഫ് 56 വിഭാഗം ഡിസ്‌കസ് ത്രോയിൽ യോഗേഷ് കത്തുനിയ 41.80 മീറ്റർ വെള്ളി നേടി. ഫീൽഡ് ഇനങ്ങളിൽ ഇരുന്ന് മത്സരിക്കുന്ന അത്ലറ്റുകൾക്കാണ് F56 വിഭാഗം.
നട്ടെല്ലിന് ക്ഷതമേറ്റവര്‍ ഉൾപ്പെടെ വിവിധ അത്‌ലറ്റുകൾ ഈ ക്ലാസിൽ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ഗെയിംസിൽ മൂന്ന് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 10 മെഡലുകൾ നേടി ഇന്ത്യ റെക്കോഡിട്ടിരുന്നു.