സെന്‍റ് ലൂസിയ: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. സൂപ്പര്‍ എട്ടില്‍ അവസാന മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇരു ടീമിന്‍റെയും ലക്ഷ്യം സെമി ഫൈനല്‍ ബെര്‍ത്ത്. ഓസീസിനെയും ഇന്ന് തോല്‍പ്പിക്കാനായാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ഇന്ത്യയ്‌ക്ക് മുന്നേറം.
തോല്‍വി മിച്ചല്‍ മാര്‍ഷിന്‍റെയും സംഘത്തിന്‍റെയും സെമി പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കും. അതുകൊണ്ട് തന്നെ ജയിക്കാനുറച്ചാകും കങ്കാരുപ്പടയും കളത്തിലിറങ്ങുക. അതുകൊണ്ട് തന്നെ സെന്‍റ് ലൂസിയയിലെ ഡാരൻ സാമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ തീപാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പതിവില്‍ വിപരീതമായി ബൗളര്‍മാരുടെ മികവിലായിരുന്നു ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ മുന്നേറ്റം നടത്തിയത്. ജസ്‌പ്രീത് ബുംറ, അര്‍ഷ്‌ദീപ് സിങ്, കുല്‍ദീപ് യാദവ് എന്നിവരെല്ലാം തകര്‍പ്പൻ ഫോമില്‍. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 200നടുത്ത് സ്കോര്‍ കണ്ടെത്താൻ ബാറ്റര്‍മാര്‍ക്കായത് ടീമിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ബാറ്റിങ്ങില്‍ വിരാട് കോലി താളം കണ്ടെത്തി തുടങ്ങിയത് ടീമിന് പ്രതീക്ഷയാണ്. അതിവേഗത്തില്‍ റണ്‍സ് കണ്ടെത്തുന്ന നായകൻ രോഹിത് ശര്‍മ കുറച്ചധികം നേരം ക്രീസില്‍ നില്‍ക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഫിനിഷര്‍ റോളില്‍ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരുടെ പ്രകടനങ്ങളും നിര്‍ണായകമാകും.
മറുവശത്ത് തകര്‍പ്പൻ ഫോമിലുള്ള ഓസീസിനെയും ഇന്ത്യ കരുതിയിരിക്കേണ്ടതുണ്ട്. അവസാന രണ്ട് കളിയിലും ഹാട്രിക്കുമായി തിളങ്ങി പാറ്റ് കമ്മിൻസ് ഓസീസ് ബൗളിങ് നിരയുടെ പ്രതീക്ഷയാണ്. ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോഡുള്ള ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ് എന്നിവരുടെ ബൗളിങ് പ്രകടനങ്ങളും, ട്രാവിസ് ഹെഡിന്‍റെ ബാറ്റിങ് മികവും ഓസ്‌ട്രേലിയക്ക് നിര്‍ണായകമായേക്കും.
ഇന്ത്യ സാധ്യത പ്ലേയിങ് ഇലവൻ: രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, അര്‍ഷ്‌ദീപ് സിങ്.
ഓസ്‌ട്രേലിയ സാധ്യത പ്ലേയിങ് ഇലവൻ: ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് (ക്യാപ്‌റ്റൻ), ഗ്ലെൻ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്‌ഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിൻസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്.