ദുബായ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ (India vs England 2nd Test ) തകര്‍പ്പന്‍ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിലും ഇന്ത്യയ്‌ക്ക് നേട്ടം. ഹൈദരാബാദിലെ തോല്‍വിയോടെ നഷ്‌ടമായ രണ്ടാം സ്ഥാനമാണ് രോഹിത് ശര്‍മയും സംഘവും തിരിച്ച് പിടിച്ചിരികുന്നത്. രണ്ട് സ്ഥാനങ്ങളാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. (WTC Standings 2023-25)
നിലവില്‍ 52.77 വിജയശതമാനമാണ് ഇന്ത്യയ്‌ക്കുള്ളത്. ആറ് ടെസ്റ്റുകളില്‍ നിന്നും മൂന്ന് വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമടക്കം ആകെ 38 പോയിന്‍റാണ് ഇന്ത്യയ്‌ക്കുള്ളത്. 55.00 പോയിന്‍റ് ശതമാനവുമായി ഓസ്‌ട്രേലിയയാണ് പട്ടികയില്‍ തലപ്പത്തുള്ളത്. ആറ് വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമടക്കം 66 പോയിന്‍റാണ് ഓസീസിനുള്ളത്.
ഇന്ത്യയോട് തോല്‍വി വഴങ്ങിയതോടെ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്ക് പിന്നില്‍ എട്ടാമത് തുടരുകയാണ് ഇംഗ്ലണ്ട്. 25.00 ആണ് ടീമിന്‍റെ പോയിന്‍റ് ശതമാനം. മൂന്ന് വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും അക്കൗണ്ടിലുള്ള ടീമിന് ആകെ 21 പോയിന്‍റാണുള്ളത്.
അതേസമയം കുറഞ്ഞ ഓവര്‍ നിരക്കിന് 19 പോയിന്‍റുകള്‍ വെട്ടിക്കുറച്ചത് ഇംഗ്ലണ്ടി കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കുറഞ്ഞ ഓവര്‍ നിരക്കിന് ഓസ്‌ട്രേലിയയ്‌ക്ക് 10 പോയിന്‍റുകള്‍ ഇതേവരെ നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇന്ത്യയ്‌ക്കും പാകിസ്ഥാനും രണ്ട് പോയിന്‍റുകളും നഷ്‌ടമായി.
അതേസമയം വിശാഖപട്ടണം ടെസ്റ്റില്‍ (Vizag Test) ഇന്ത്യ 106 റണ്‍സിന്‍റെ വിജയമായിരുന്നു നേടിയിരുന്നത്. ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്‍റെ റെക്കോഡ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 292 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ യശസ്വി ജയ്‌സ്വാളിന്‍റെ ഇരട്ട സെഞ്ചുറിയുടെ മികവില്‍ 396 റണ്‍സായിരുന്നു നേടിയിരുന്നത്.
മറുപടിക്ക് ഇറങ്ങിയ ഇംഗ്ലണ്ടിനെ ജസ്‌പ്രീത് ബുംറയുടെ ആറ് വിക്കറ്റ് നേട്ടത്തില്‍ 253 റണ്‍സില്‍ എറിഞ്ഞൊതുക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. രണ്ടാം ഇന്നിങ്‌സില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ സെഞ്ചുറിയുടെ ബലത്തില്‍ 255 റണ്‍സ് അടിച്ചാണ് ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റന്‍ വിജയ ലക്ഷ്യം ഇന്ത്യ ഉയര്‍ത്തിയത്.
ALSO READ: ചാമ്പ്യന്‍ ബോളര്‍; ബുംറയെ പ്രശംസകൊണ്ട് മൂടി രോഹിത്
വമ്പന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി ആര്‍ അശ്വിന്‍ (R Ashwin), ജസ്‌പ്രീത് ബുംറ (Jasprit bumrah) എന്നിവരാണ് പിടിച്ച് കെട്ടിയത്. 132 പന്തില്‍ 73 റണ്‍സെടുത്ത സാക്ക് ക്രൗളിയാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. രണ്ട് ഇന്നിങ്‌സുകളിലുമായി ആകെ ഒമ്പത് വിക്കറ്റുകള്‍ വീഴ്‌ത്തിയ ജസ്‌പ്രീത് ബുംറയാണ് മത്സരത്തിലെ താരം.
വിശാഖപട്ടണത്ത് കളി പിടിച്ചതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ടിന് ഒപ്പമെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഈ മാസം 15-ന് രാജ്കോട്ടിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് തുടങ്ങുക.
ALSO READ: സ്റ്റോക്‌സിന് മറുപടി, ഇംഗ്ലീഷ് നായകന്‍റെ വിക്കറ്റ് ആഘോഷമാക്കി ശ്രേയസ് അയ്യര്‍