ആന്‍റിഗ്വ: പന്തുകൊണ്ട് കുല്‍ദീപ് യാദവും ജസ്‌പ്രീത് ബുംറയും തിളങ്ങിയ മത്സരത്തില്‍ ബംഗ്ലാദേശിനെ 50 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ടീം ഇന്ത്യയുടെ രണ്ടാം ജയമാണിത്. ജയത്തോടെ, ഗ്രൂപ്പ് ഒന്നില്‍ നിന്നും സെമി ഫൈനല്‍ ഉറപ്പിക്കാനും രോഹിതിനും കൂട്ടര്‍ക്കുമായി.
ആന്‍റിഗ്വയിലെ സര്‍ വിവിയൻ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ 197 റണ്‍സിന്‍റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യ ബംഗ്ലാദേശിന് മുന്നിലേക്ക് വച്ചത്. ഈ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് തരക്കേടില്ലാതെ തുടങ്ങി. എന്നാല്‍, മധ്യഓവറുകളില്‍ ഇന്ത്യൻ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തി. ഇതോടെ ബംഗ്ലാദേശിന്‍റെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സില്‍ അവസാനിച്ചു.
കുല്‍ദീപ് യാദവ് മൂന്നും ജസ്‌പ്രീത് ബുംറ രണ്ട് വിക്കറ്റുമാണ് ഇന്ത്യയ്‌ക്കായി നേടിയത്. നാല് ഓവര്‍ ക്വോട്ട പൂര്‍ത്തിയാക്കിയ കുല്‍ദീപ് 19 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ബുംറയാകട്ടെ 13 റണ്‍സും. ഇവര്‍ക്ക് പുറമെ അര്‍ഷ്‌ദീപ് സിങ് രണ്ടും ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും നേടി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യയുടെ (27 പന്തില്‍ 50*) അര്‍ധസെഞ്ച്വറിയുടെ മികവിലാണ് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 196 എന്ന സ്കോറിലേക്ക് എത്തിയത്. തരക്കേടില്ലാത്ത രീതിയിലാണ് ക്യാപ്‌റ്റൻ രോഹിതും വിരാട് കോലിയും ഇന്ത്യൻ ഇന്നിങ്‌സ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ 3.4 ഓവറില്‍ 39 റണ്‍സ് ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിലേക്കെത്തി.
11 പന്തില്‍ 23 റണ്‍സ് നേടിയ രോഹിത് ശര്‍മയെ പുറത്താക്കി ഷാക്കിബ് അല്‍ ഹസനാണ് ഇന്ത്യയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിക്കുന്നത്. മൂന്നാം നമ്പറില്‍ എത്തിയ പന്ത് കോലിക്കൊപ്പം ചേര്‍ന്ന് ടീം ടോട്ടല്‍ ഉയര്‍ത്തി. ബാറ്റിങ്ങില്‍ താളം കണ്ടെത്തിയ കോലിയെ (37) ഒമ്പതാം ഓവറിലെ ആദ്യ പന്തിലാണ് നഷ്‌ടമാകുന്നത്. ആദ്യ പന്ത് സിക്‌സര്‍ പറത്തിയെങ്കിലും നാലാം നമ്പറിലിറങ്ങിയ സൂര്യകുമാര്‍ യാദവിന്‍റെ ആയുസ് രണ്ട് പന്ത് മാത്രമായിരുന്നു.
ശിവം ദുബെ (34) ഭേദപ്പെട്ട പ്രകടനം നടത്തി. 36 റണ്‍സുമായാണ് റിഷഭ് പന്ത് മടങ്ങിയത്. അവസാന ഓവറുകളില്‍ അക്സര്‍ പട്ടേലിനെ (3*) വശത്ത് നിര്‍ത്തിയായിരുന്നു ഹാര്‍ദിക് ഇന്ത്യൻ സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ആദ്യ വിക്കറ്റില്‍ 35 റണ്‍സ് നേടി. ലിറ്റണ്‍ ദാസിനെ (13) മക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിക്കുന്നത്. തൻസിദ് ഹസനും നജ്‌മുള്‍ ഹൊസൈൻ ഷാന്‍റോയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പത്താം ഓവറിലെ അഞ്ചാം പന്തില്‍ തൻസിദിനെ (29) കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി.
അടുത്ത ഓവറില്‍ തൗഹിദ് ഹൃദോയിയുടെ (4) വിക്കറ്റും കുല്‍ദീപ് നേടി. പിന്നാലെയെത്തിയ വെറ്ററൻ താരം ഷാക്കിബ് അല്‍ ഹസനും (11) കുല്‍ദീപിന് മുന്നിലാണ് വീണത്. 16-ാം ഓവര്‍ പന്തെറിയാനെത്തിയ ബുംറ ബംഗ്ലാദേശിന്‍റെ ടോപ് സ്കോററായ അവരുടെ നായകൻ ഷാന്‍റോയെ അര്‍ഷ്‌ദീപിന്‍റെ കൈകളില്‍ എത്തിച്ചു. ജാക്കെര്‍ അലി (1), റിഷാദ് ഹൊസൈൻ (24), മഹ്മദുള്ള (13) എന്നിവര്‍ക്കും മികവിലേക്ക് ഉയരാനായില്ല. മഹെദി ഹസൻ (5), തൻസിം ഹസൻ സാകിബ് (1) എന്നിവര്‍ പുറത്താകാതെ നിന്നു.