ദുബായ്: ഐസിസി വനിത ടി20 ലോകകപ്പിന് ഇന്ന് തുടക്കമാകും. ഉദ്‌ഘാടന മത്സരത്തില്‍ ബംഗ്ലാദേശ് - സ്കോട്ലൻഡ് ടീമുകള്‍ തമ്മിലേറ്റുമുട്ടും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം വൈകുന്നേരം മൂന്നരയ്‌ക്കാണ് മത്സരം.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പാകിസ്ഥാൻ വനിതകള്‍ ശ്രീലങ്കൻ ടീമിനെ നേരിടും. ദുബായിയില്‍ വൈകുന്നേരം ഏഴരയ്‌ക്കാണ് മത്സരം. ബംഗ്ലാദേശിലെ രാഷ്‌ട്രീയ അനിശ്ചിതത്വങ്ങളെ തുടര്‍ന്നാണ് ടൂര്‍ണമെന്‍റ് ദുബായിലേക്ക് മാറ്റിയത്.
ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഇന്ത്യൻ വനിതകള്‍ നാളെ (ഒക്‌ടോബര്‍ 04) കളത്തിലിറങ്ങും. ന്യൂസിലൻഡാണ് മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം തുടങ്ങുക.
The road to #T20WorldCup greatness begins today 🏆#WhateverItTakes pic.twitter.com/0FQkPWCr4V
— ICC (@ICC) October 3, 2024
മലയാളി താരങ്ങളായ സജന സജീവൻ, ശോഭ ആശ തുടങ്ങിയവര്‍ ഇക്കുറി ഇന്ത്യൻ സംഘത്തിനൊപ്പമുണ്ട്. ടൂര്‍ണമെന്‍റില്‍ ദുബായിയില്‍ ആണ് ഇന്ത്യയുടെ മുഴുവൻ മത്സരങ്ങളും. ന്യൂസിലൻഡിന് പുറമെ ഓസ്‌ട്രേലിയ, പാകിസ്ഥാൻ, ശ്രീലങ്ക വനിത ടീമുകളുമാണ് ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ എതിരാളികള്‍.
ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഹര്‍മൻപ്രീത് കൗറും സംഘവും ടി20 ലോകകപ്പിനായി ദുബായില്‍ ഇറങ്ങുന്നത്. കഴിഞ്ഞ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഇന്ത്യൻ വനിതകളുടെ പോരാട്ടം സെമി ഫൈനലില്‍ അവസാനിക്കുകയായിരുന്നു. അന്ന് കിരീടം ഉയര്‍ത്തിയ കരുത്തരായ ഓസ്ട്രേലിയൻ വനിതകളാണ് ഇന്ത്യൻ സംഘത്തിന്‍റെ പ്രതീക്ഷ തല്ലിക്കെടുത്തിയത്.
Also Read : 'ഇംഗ്ലണ്ടിനെ ഇന്ത്യ കോപ്പിയടിച്ചു'; അവകാശവാദവുമായി മൈക്കല്‍ വോണ്‍