ഹൈദരാബാദ് : സീനിയർ വനിതാടീമിന്‍റെ മുഖ്യ പരിശീലകൻ വിദ്യുത് ജയ്‌സിംഹയെ (Vidyuth Jaisimha) സസ്പെൻഡ് ചെയ്ത് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (Hyderabad Cricket Association). ടീം ബസിൽ മദ്യപിക്കുകയും വനിത ക്രിക്കറ്റ് താരങ്ങളോട് മോശമായി പെരുമാറുകയും ചെയ്തതിനാണ് വിദ്യുത് ജയ്സിംഹയ്ക്ക് എതിരെ അസോസിയേഷന്‍ നടപടി എടുത്തിരിക്കുന്നത്. സംഭവത്തില്‍ വിദ്യുത് ജയ്‌സിംഹയില്‍ നിന്നും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജഗൻ മോഹൻ റാവു (HCA president Jagan Mohan Rao) രാജി ആവശ്യപ്പെട്ടിട്ടുണ്ട്.
വനിത താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യുത് ജയ്സിംഹയ്ക്ക് എതിരെ അസോസിയേഷന്‍ നടപടി എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം തുടക്കത്തിലാണ് പരാതിയ്‌ക്ക് ആസ്‌പദമായ സംഭവം നടന്നത്. എന്നാല്‍ ഏറെ വൈകിയാണ് വിഷയത്തില്‍ നടപടി ഉണ്ടായിരിക്കുന്നത്.
ഒരു മത്സരത്തിനായി ഹൈദരാബാദ് വനിതാ ടീം വിജയവാഡയിലേക്ക് പോയിരുന്നു. ഇവിടെ നിന്നുമുള്ള മടക്കയാത്ര വിദ്യുത് ജയ്‌സിംഹ മനഃപൂർവം വൈകിപ്പിച്ചു. ഇതിന് പുറമെ ഹൈദരാബാദിലേക്ക് ബസിൽ വരുന്നതിനിടെ വനിത ക്രിക്കറ്റ് താരങ്ങളുടെ മുന്നിൽവച്ച് മദ്യപിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പരാതി. ജയ്‌സിംഹ ബസില്‍ വച്ച് മദ്യപിക്കുന്നതിന്‍റെ ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ വനിത താരങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.
ദൃശ്യങ്ങള്‍ സഹിതം കഴിഞ്ഞ മാസം 12-നാണ് ഈമെയില്‍ വഴി അസോസിയേഷന് പരാതി നല്‍കുന്നത്. ബസിലുണ്ടായിരുന്ന സെലക്ഷൻ കമ്മിറ്റി അംഗം പൂർണിമ റാവു പരിശീലകനായ ജയ്‌സിംഹയുടെ പ്രവര്‍ത്തികളെ പിന്തുണച്ചതായും വനിതാതാരങ്ങൾ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
എന്നാല്‍ വിഷയത്തില്‍, തുടക്കത്തില്‍ അസോസിയേഷനില്‍ നിന്നും കാര്യമായ നടപടി ഉണ്ടായിരുന്നില്ല. ഒടുവില്‍ പ്രസ്‌തുത ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുകയും ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്തയാവുകയും ചെയ്‌തിന് പിന്നാലെയാണ് വിദ്യുത് ജയ്സിംഹയ്ക്ക് എതിരെ അസോസിയേഷന്‍ നടപടിക്ക് തയ്യാറായതെന്നാണ് ആക്ഷേപം.
ALSO READ: റൗഫിനെതിരായ നടപടി ; പിന്നില്‍ കളിച്ചത് വഹാബ് റിയാസ്, പാക് ടീമില്‍ അതൃപ്‌തി പുകയുന്നു
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പരിശീലകനായ വിദ്യുത് ജയ്സിംഹയ്ക്ക് എതിരെ തുടർനടപടി സ്വീകരിക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്‍റ് ജഗൻ മോഹൻ റാവു വ്യക്തമാക്കി. ആവശ്യമെങ്കില്‍ ജയ്‌സിംഹയ്‌ക്ക് എതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും. അസോസിയേഷന്‍ വനിതാതാരങ്ങള്‍ക്ക് ഒപ്പമാണുള്ളതെന്നും ജഗൻ മോഹൻ റാവു വ്യക്തമാക്കി. അതേസമയം തനിക്കെതിരായ ആരോപണങ്ങൾ വിദ്യുത് ജയ്‌സിംഹ നിഷേധിച്ചു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്.