പാരീസ്: ചൊവ്വാഴ്‌ച നടക്കുന്ന ഒളിമ്പിക്‌സ് ഹോക്കിയുടെ സെമി ഫൈനലില്‍ ഇന്ത്യന്‍ താരം അമിത് രോഹിദാസിന് കളിക്കാന്‍ കഴിയില്ല. ഇന്നലെ ഗ്രേറ്റ് ബ്രിട്ടനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അമിതിന് ചുവപ്പ് കാർഡ് ലഭിച്ചതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. ജര്‍മനിക്കെതിരേയാണ് ഇന്ത്യയുടെ സെമി ഫൈനൽ മത്സരം. അമിതിന് എതിരായ നടപടി സെമിക്ക് മുമ്പേ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
Paris Olympics: India's Amit Rohidas set to miss semi-final clash against Germany
— ANI Digital (@ani_digital) August 5, 2024
Read @ANI Story | https://t.co/Pox5N7El8X#ParisOlympics #AmitRohidas #India #Hockey #Germany pic.twitter.com/PpNP2b5YCa
ഓഗസ്റ്റ് നാലിന് ഇന്ത്യയും ഗ്രേറ്റ് ബ്രിട്ടനും തമ്മിലുള്ള മത്സരത്തിനിടെ എഫ്.ഐ.എച്ച് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അമിത് രോഹിദാസിനെ ഒരു മത്സരത്തിൽ നിന്ന് സസ്പെൻഡ് ചെയ്‌തതായി എഫ്ഐഎച്ച് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. അതിനാല്‍ ഇന്ത്യ 15 കളിക്കാരുമായാകും സെമി നേരിടുക.
ക്വര്‍ട്ടറില്‍ 17-ാം മിനിറ്റിലാണ് അമിത് രോഹിദാസിന് ചുവപ്പ് കാർഡ് ലഭിച്ചത്. അമിതിന്‍റെ സ്റ്റിക്ക് ബ്രിട്ടീഷ് താരത്തിന്‍റെ തലയിൽ തട്ടിയതിനെ തുടര്‍ന്നാണ് ചുവപ്പ് കാർഡ് കൊടുത്തത്. റഫറിമാർ നല്‍കിയ ചുവപ്പ് കാർഡിനെതിരേ നിരവധി പേര്‍ രംഗത്ത് വരികയും ശിക്ഷ വളരെ കഠിനമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഹോക്കി ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിൽ ബ്രിട്ടനെ 4-2ന് തോൽപ്പിച്ച് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെയാണ് പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഇന്ത്യയ്ക്കായി 22-ാം മിനിറ്റില്‍ ഹർമൻപ്രീത് സിങ് ഒരു ഗോള്‍ നേടി. ഷൂട്ടൗട്ടിൽ സൂപ്പര്‍ താരം ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് പ്രതിരോധ മതിലായി നിന്നതോടെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം നേടാനായത്.