ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനും മിന്നും താരവുമാണ് ഹര്‍മന്‍പ്രീത് കൗര്‍. വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റൻ കൂടിയായ ഹര്‍മന്‍പ്രീത് 2009 ലാണ് ക്രിക്കറ്റ് ജീവിതം ആരംഭിച്ചത്.130 ഏകദിനങ്ങളും 161 ടി20കളും 5 ടെസ്റ്റ് മത്സരങ്ങളും കളിച്ചു.
ഏകദിനത്തിൽ 3410 റൺസും ടി20യിൽ 3204 റൺസും ടെസ്റ്റിൽ 131 റൺസും ഹര്‍മന്‍പ്രീത് സ്വന്തമാക്കിയിട്ടുണ്ട്. 2017 ലെ വനിതാ ലോകകപ്പ് സെമിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച ഇന്നിങ്സാണ് കൗർ കളിച്ചത്. പുറത്താകാതെ 171 റൺസ് നേടിയ താരം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അർജുന അവാർഡ് ഉൾപ്പെടെ നിരവധി അഭിമാനകരമായ അംഗീകാരങ്ങളും ഹര്‍മന്‍പ്രീതിന് ലഭിച്ചിട്ടുണ്ട്.
നിലവില്‍ ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവും ധനികയായ താരമാണ് ഹർമൻപ്രീത് കൗറെന്നാണ് റിപ്പോർട്ട്. താരത്തിന്‍റെ ആസ്തി ഏകദേശം 24 കോടി രൂപയായിരിക്കുമെന്ന് കണക്കാക്കുന്നു. ക്രിക്കറ്റ് ശമ്പളം, മാച്ച് ഫീസ്, വിവിധ ബ്രാൻഡ് പരസ്യം എന്നിവയിൽ നിന്നാണ് വരുമാനം കൂടുതലും ലഭിക്കുന്നത്.
ബിസിസിഐ കരാർ പ്രകാരം 50 ലക്ഷം രൂപ വാർഷിക ശമ്പളം ലഭിക്കും. ഓരോ ടെസ്റ്റ് മത്സരത്തിനും 4 ലക്ഷം രൂപയും ഏകദിനത്തിന് 2 ലക്ഷം രൂപയും ടി20 യ്ക്ക് 2.5 ലക്ഷം രൂപയുമാണ് ഫീസ്. കൂടാതെ, ആഭ്യന്തര മത്സരങ്ങൾ കളിക്കുകയാണെങ്കിൽ ഹർമൻപ്രീതിന് ഒരു മത്സരത്തിന് 20,000 രൂപ ലഭിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്രിക്കറ്റ് ലീഗുകളിലൂടെ ഫ്രാഞ്ചൈസിയില്‍ നിന്നും മികച്ച വരുമാനം താരം നേടുന്നുണ്ട്. വനിതാ ബിഗ് ബാഷ് ലീഗിൽ മെൽബൺ റെനഗേഡ്സിനും സിഡ്‌നി തണ്ടറിനും വേണ്ടി കളിച്ചു. ഒരു സീസണിൽ ഏകദേശം $30,000 ആണ് ലഭിച്ചത്. വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റനാണ്. ഓരോ സീസണിലും 1.80 കോടി രൂപയാണ് ഇതിലൂടെ താരം സമ്പാദിക്കുന്നത്. വനിതാ ടി20 ചലഞ്ചിൽ സൂപ്പർനോവയെ നയിക്കുന്നതിലൂടെ ഒരു മത്സരത്തിന് ഒരു ലക്ഷം രൂപ ലഭിക്കും.
ബൂസ്റ്റ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, സീറ്റ് ടയറുകൾ, ഐടിസി, നൈക്ക്, റോയൽ ചലഞ്ചേഴ്‌സ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ പരസ്യത്തിന്‍റെ ഭാഗമാണ് ഹര്‍മന്‍പ്രീത്. പ്രതിവർഷം 40-50 ലക്ഷം രൂപ ഇതിലൂടെ ലഭിക്കുമെന്ന് കണക്കാക്കുന്നു. ഓരോ വാണിജ്യ ചിത്രീകരണത്തിനും പ്രതിദിനം 10-12 ലക്ഷം രൂപയാണ് കൗർ ഈടാക്കുന്നത്.
Also Read: ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റിന് പണികിട്ടുമോ..? ബെംഗളൂരുവില്‍ മഴയ്ക്ക് സാധ്യത