ബെനോനി: അണ്ടര്‍ 19 ലോകകപ്പില്‍ (Under 19 World Cup 2024) ആറാം കിരീടം തേടിയ ഇന്ത്യയ്‌ക്ക് കലാശപ്പോരില്‍ കാലിടറിയിരുന്നു. ഓസ്‌ട്രേലിയയോടായിരുന്നു ഇന്ത്യ തോല്‍വി വഴങ്ങിയത്. 79 റണ്‍സിനായിരുന്നു ഓസീസ് കളിപിടിച്ചത് (India vs Australia).
മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിയില്‍ ആക്കം കൂട്ടിയതില്‍ നിര്‍ണായക പങ്കുവഹിച്ച് ഒരു ഇന്ത്യന്‍ വംശജനുമുണ്ടായിരുന്നു. പേര് ഹർജാസ് സിങ് (Harjas Singh). നാലാം നമ്പറില്‍ കളത്തിലെത്തിയ താരം അര്‍ധ സെഞ്ചുറിയുമായാണ് തിരികെ കയറിയത്.
64 പന്തുകളില്‍ 55 റണ്‍സടിച്ച താരം ഓസീസിന്‍റെ ടോപ് സ്‌കോററായി മാറുകയും ചെയ്‌തു. മൂന്ന് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഹര്‍ജാസിന്‍റെ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ തകര്‍ച്ച മുന്നില്‍ കണ്ട ഓസീസിന് 200-ന് പുറത്തുള്ള സ്‌കോറിലേക്ക് എത്തിച്ചതിന് അടിത്തറയൊരുക്കിയത് ഹര്‍ജാസിന്‍റെ അര്‍ധ സെഞ്ചുറി മിവാണെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യൻ വംശജരായ മാതാപിതാക്കളുടെ മകനായി 2005 ജനുവരി 31-ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ഹർജാസ് സിങ് ജനിച്ചത്. ചണ്ഡീഗഢിൽ നിന്ന് 2000-ലാണ് താരത്തിന്‍റെ കുടുംബം സിഡ്‌നിയിലേക്ക് ചേക്കേറുന്നത്. തന്‍റെ ജീനുകളില്‍ തന്നെ സ്പോർട്സുള്ള താരമാണ് ഹർജാസ് സിങ്. പിതാവ് ഇന്ദർജിത് സിങ് പഞ്ചാബ് സംസ്ഥാന ബോക്സിങ് ചാമ്പ്യനായിരുന്നു. അമ്മ അവീന്ദർ കൗറാവട്ടെ ലോങ് ജംപ് താരവും.
ന്യൂ സൗത്ത് വെയിൽസിലെ പ്രാദേശിക റെവ്‌സ്‌ബി വർക്കേഴ്‌സ് ക്രിക്കറ്റ് ക്ലബിൽ തന്‍റെ എട്ടാം വയസില്‍ തന്നെ ഹർജാസ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിരുന്നു. ആദ്യം പകരക്കാരന്‍റെ റോളിലായിരുന്നു താരം ഗ്രൗണ്ടില്‍ ഇറങ്ങിയിരുന്നത്. ഉസ്മാൻ ഖവാജയെ തന്‍റെ ആരാധനാപാത്രമായി കണക്കാക്കുന്ന ഹർജാസിനെ നീൽ ഡികോസ്റ്റയാണ് പരിശീലിപ്പിക്കുന്നത്. മൈക്കൽ ക്ലാർക്ക്, ഫിൽ ഹ്യൂസ്, മിച്ചൽ സ്റ്റാർക്ക്, മാർനെസ് ലബുഷെയ്‌ന്‍ തുടങ്ങിയവരുടെ പരിശീലകനായിരുന്ന ആളാണ് നീൽ. നിലവില്‍ ഫെയർഫീൽഡിലെ വെസ്റ്റ്ഫീൽഡ് സ്പോർട്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് ഹർജാസ് സിങ്.
2015-ലാണ് അവസാനമായി താന്‍ ഇന്ത്യയില്‍ വന്നതെന്ന് താരം ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. "എനിക്ക് ഇപ്പോഴും ചണ്ഡിഗഡിലും അമൃത്‌സറിലും കുടുംബമുണ്ട്. ഞങ്ങൾക്ക് സെക്‌ടർ 44-ഡിയിൽ ഒരു വീടുമുണ്ട്. പക്ഷേ, അവസാനമായി ഞാൻ അവിടെ പോയത് 2015 ആയിരുന്നു. പിന്നീട് ക്രിക്കറ്റില്‍ സജീവമായതോടെ അവിടേക്ക് പോകാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ല. എന്‍റെ അമ്മാവൻ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട്" ഹർജാസ് പറഞ്ഞു.
വലങ്കയ്യന്‍ ബാറ്ററായി ആയിരുന്നു തന്‍റെ തുടക്കമെന്നും പിന്നീട് എന്തുകൊണ്ടാണ് തനിക്ക് ഇടങ്കയ്യിലേക്ക് മാറേണ്ടി വന്നതെന്നും താരം വെളിപ്പെടുത്തി. " ചെറിയ കുട്ടിയായിരുന്നപ്പോള്‍ വലങ്കയ്യനായി ആയിരുന്നു എന്‍റെ ബാറ്റിങ്. വീട്ടുമുറ്റത്ത് കളിക്കുമ്പോള്‍ ലെഗ് സൈഡിലുള്ള ജനല്‍ച്ചില്ലകള്‍ തകരുന്നതിന് ഇതു വഴിവച്ചു.
ആ പ്രതിസന്ധി ഒഴിവാക്കാനാണ് ഞാൻ ഇടങ്കയ്യില്‍ ബാറ്റ് ചെയ്യാൻ തുടങ്ങിയത്. പിന്നീട് ഞാനതില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. വലംകൈ മീഡിയം പേസെറിയാന്‍ എനിക്ക് കഴിയും. കൂടാതെ കളത്തില്‍ പന്ത് പാസ് ചെയ്യുന്നതും വലതു കൈ കൊണ്ട് തന്നെയാണ്"- ഹർജാസ് സിങ് കൂട്ടിച്ചേര്‍ത്തു.
ALSO READ: അവന്‍റെ പ്രായം 20 വയസല്ല; ഭരത്തിനെ ഇനിയും പിന്തുണയ്‌ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മഞ്ജരേക്കര്‍