ന്യൂഡൽഹി: നിരവധി മികച്ച ക്രിക്കറ്റ് താരങ്ങളെ ഇന്ത്യ സൃഷ്ടിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും അവരിൽ പലരും ടീമുമായി ബന്ധം തുടർന്നു. ഇന്ത്യയിൽ നിന്നുള്ള നിരവധി മുൻ ക്രിക്കറ്റ് താരങ്ങൾ വിദേശ ടീമുകളുടെ പരിശീലകരായി പ്രവർത്തിച്ചിട്ടുണ്ട്. അത്ഭുതകരമായ നേട്ടങ്ങൾ കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. വിദേശ ടീമുകളുടെ പരിശീലകരായി പ്രവർത്തിച്ച ടീം ഇന്ത്യയുടെ മുൻ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.
- സന്ദീപ് പാട്ടീൽ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സന്ദീപ് പാട്ടീൽ 1983ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ടീം ഇന്ത്യക്കായി 29 ടെസ്റ്റുകളും 45 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ക്രിക്കറ്റ് കരിയർ അവസാനിച്ചതിന് ശേഷം അദ്ദേഹം കെനിയൻ ടീമിനെ പരിശീലിപ്പിച്ചു. താരത്തിന്‍റെ നേതൃത്വത്തിൽ കെനിയൻ ടീം 2003 ഏകദിന ലോകകപ്പിന്‍റെ സെമിഫൈനലിലെത്തി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു.
- ലാൽ ചന്ദ് രാജ്‌പുത്: ഇന്ത്യക്കായി 2 ടെസ്റ്റുകളും 4 ഏകദിനങ്ങളും കളിച്ചു. കളിയോട് വിട പറഞ്ഞതിന് ശേഷം ലാൽ ചന്ദ് തന്‍റെ കരിയർ കോച്ചിങ്ങിലേക്ക് മാറ്റി. 2016-2017 ൽ അഫ്‌ഗാനിസ്ഥാന്‍റേയും 2018-2022 ൽ സിംബാബ്‌വെയുടെയും മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചു. നിലവിൽ യുഎഇ ടീമിന്‍റെ പരിശീലകനായി പ്രവർത്തിക്കുകയാണ്.
- റോബിൻ സിങ്: മുൻ ഓൾറൗണ്ടറായ താരം ഇന്ത്യക്കായി ഒരു ടെസ്റ്റും 136 ഏകദിന മത്സരങ്ങളും മാത്രമേ കളിച്ചിട്ടുള്ളൂ. 2004ലാണ് റോബിൻ സിങ് ഹോങ്കോങ് ടീമിനെ പരിശീലിപ്പിച്ചത്. അമേരിക്കൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഉൾപ്പെടെ നിരവധി ടി20 ലീഗ് ടീമുകളെ പരിശീലിപ്പിച്ചു.
- ശ്രീധരൻ ശ്രീറാം: കരിയറിൽ രാജ്യത്തിനായി 8 ഏകദിനങ്ങൾ കളിച്ചു. 2015ൽ ഓസ്‌ട്രേലിയ എ ടീമിന്‍റെ പരിശീലകനായിരുന്നു. 2019ൽ ഓസീസിന് വേണ്ടി ആഷസ് പരമ്പര നേടുന്നതിൽ നിർണായക പങ്കുവഹിച്ചു.
- അജയ് ജഡേജ: ഇന്ത്യക്കായി 15 ടെസ്റ്റുകളും 196 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ജഡേജ അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായി. ജഡേജയുടെ നേതൃത്വത്തിൽ 2023 ലോകകപ്പിൽ അഫ്‌ഗാന്‍ ടീം മികച്ചുനിന്നു. ഇന്ത്യയിൽ നടന്ന ടൂർണമെന്‍റിൽ ഇംഗ്ലണ്ട്, പാകിസ്ഥാൻ ടീമുകളെ തോൽപ്പിച്ച് അഫ്‌ഗാന്‍ തകർപ്പൻ പ്രകടനമാണ് നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.