മുംബൈ (മഹാരാഷ്‌ട്ര) : അമേരിക്കയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനായി ഇന്ത്യൻ താരങ്ങളുടെ ആദ്യ ബാച്ച് അമേരിക്കയിലേക്ക് പുറപ്പെട്ടു. ക്യാപ്റ്റൻ രോഹിത് ശർമ, ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, ശിവം ദുബെ, ബാറ്റർ സൂര്യകുമാർ യാദവ്, പേസര്‍ ജസ്പ്രീത് ബുംറ, സ്‌പിന്നർ കുൽദീപ് യാദവ്, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവരാണ് യുഎസിലേക്ക് പുറപ്പെട്ട താരങ്ങൾ.
വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പന്ത് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പേസർമാരായ അർഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്, സ്‌പിൻ ബൗളിങ് ഓൾറൗണ്ടർ അക്‌സർ പട്ടേൽ എന്നിവരാണ് ന്യൂയോർക്കിലേക്ക് വിമാനം കയറിയ മറ്റ് താരങ്ങൾ.
താരങ്ങള്‍ക്ക് പുറമേ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ബൗളിങ് കോച്ച് പരാസ് മാംബ്രെ എന്നിവരടങ്ങുന്ന സപ്പോർട്ട് സ്റ്റാഫും യുഎസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കോച്ച് രാഹുൽ ദ്രാവിഡിന്‍റെ ദേശീയ ടീമിലെ അവസാന നിയമനമാണിത്. ജൂൺ ഒന്നിന് ആണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ ക്രീസിലിറങ്ങുന്നത്.
രോഹിത് ശർമ്മ നായകത്വത്തില്‍ അയർലൻഡ്, പാകിസ്ഥാൻ, ആതിഥേയരായ യുഎസ്, കാനഡ എന്നിവരടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ജൂൺ 5-ന് ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇന്‍റര്‍നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെയാണ് ഇന്ത്യ കളിക്കുക.
ഐസിസി ടി20 ലോകകപ്പില്‍ രണ്ടാം ട്രോഫി ലക്ഷ്യമിട്ടാണ് ഇന്ത്യ ക്രീസിലിറങ്ങുന്നത്. 2013-ൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയ ഐസിസി ട്രോഫി.
Also Read : എന്തുകൊണ്ട് തോറ്റു?; വിശദീകരണവുമായി സഞ്ജു സാംസണ്‍ - Sanju Samson On Loss Against Srh