ഫൈനലിസിമയില്‍ ഇത്തവണ ആരാധകരെ കാത്തിരിക്കുന്നത് ലയണല്‍ മെസി - ലാമിൻ യമാല്‍ പോരാട്ടം. യൂറോ കപ്പ് ജേതാക്കളായ സ്പെയിനും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്‍റീനയും തമ്മിലാണ് ഫൈനലിസിമയില്‍ ഏറ്റുമുട്ടുക. 2025ലാണ് ഈ മത്സരം.
2022ലായിരുന്നു ആദ്യ ഫൈനലിസിമ പോരാട്ടം നടന്നത്. യൂറോ ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പ ചാമ്പ്യന്മാരായ അര്‍ജന്‍റീനയും തമ്മില്‍ വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു ഏറ്റുമുട്ടിയത്. മത്സരത്തില്‍ ജയം പിടിച്ചത് മെസിയുടെ അര്‍ജന്‍റീനയായിരുന്നു.
തുടര്‍ച്ചയായ രണ്ടാം വട്ടവും മെസിയും സംഘവും ഫൈനലിസിമയ്‌ക്കെത്തുമ്പോള്‍ അവരെ കാത്തിരിക്കുന്നത് കരുത്തരായ സ്പെയിനാണ്. ഈ മത്സരത്തില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് സ്പെയിന്‍റെ പുത്തൻ താരോദയം ലാമിൻ യമാലും അര്‍ജന്‍റൈൻ ഇതിഹാസം ലയണല്‍ മെസിയും തമ്മിലുള്ള പോരാട്ടം കാണാനാകും. രണ്ട് തലമുറയിലെ സൂപ്പര്‍ താരങ്ങള്‍ മുഖാമുഖം എത്തുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പ്.
യൂറോ കപ്പില്‍ തകര്‍പ്പൻ പ്രകടനം നടത്തിയ താരമാണ് സ്പെയിന്‍റെ ലാമിൻ യമാല്‍. ടൂര്‍ണമെന്‍റിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട യമാല്‍ ഒരു ഗോളും നാല് അസിസ്റ്റും സ്വന്തം പേരിലാക്കിയാണ് മടങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ സ്പെയിന്‍റെ ആദ്യ ഗോളിന് വേണ്ടി നിക്കോ വില്യംസിന് അസിസ്റ്റ് നല്‍കിയതും യമാലായിരുന്നു.
മറുവശത്ത്, കോപ്പ അമേരിക്കയില്‍ ഒരു ഗോളും അസിസ്റ്റുമാണ് മെസി ഇത്തവണ സ്വന്തമാക്കിയത്. പ്രാഥമിക റൗണ്ടില്‍ ചിലിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന് രണ്ട് മത്സരങ്ങള്‍ നഷ്‌ടമായി. സെമി ഫൈനലില്‍ കാനഡയ്‌ക്കെതിരെ ആയിരുന്നു ഈ കോപ്പയിലെ ഏക ഗോള്‍ മെസി നേടിയത്.
അതേസമയം, യൂറോ കപ്പിന്‍റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്പെയിൻ തോല്‍പ്പിച്ചത്. നിക്കോ വില്യംസും മൈക്കൽ ഒയാർസബലും രണ്ടാം പകുതിയില്‍ നേടിയ ഗോളുകളിലൂടെയായിരുന്നു സ്പാനിഷ് പടയുടെ ജയം. കോള്‍ പാല്‍മറിലൂടെയാണ് മത്സരത്തില്‍ ഇംഗ്ലണ്ട് ആശ്വാസ ഗോള്‍ നേടിയത്.
കൊളംബിയക്കെതിരായ കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അര്‍ജന്‍റീനയുടെ ജയം. പരിക്കേറ്റ് സൂപ്പര്‍ താരം മെസി പുറത്തായ മത്സരത്തില്‍ ലൗട്ടേറ മാര്‍ട്ടിനെസ് ആയിരുന്നു അര്‍ജന്‍റീനയ്‌ക്കായി ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 112-ാം മിനിറ്റിലായിരുന്നു അര്‍ജന്‍റീനയുടെ വിജയഗോള്‍ പിറന്നത്.
Also Read : കോപ്പയില്‍ അര്‍ജന്‍റീനയുടെ മുത്തം; 'കരഞ്ഞ' മെസിയെ 'ചിരിപ്പിച്ച്' മാര്‍ട്ടിനെസ്