ലണ്ടൻ : പ്രീമിയര്‍ ലീഗില്‍ കിരീട പോര് കടുപ്പിക്കാൻ ഇറങ്ങിയ ലിവര്‍പൂളിന് വമ്പൻ തിരിച്ചടി. പോയിന്‍റ് പട്ടികയിലെ 16-ാം സ്ഥാനക്കാരായ എവര്‍ട്ടണ്‍ പട്ടികയിലെ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിനെ അട്ടിമറിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മത്സരത്തില്‍ എവര്‍ട്ടണിന്‍റെ ജയം.
ഈ തോല്‍വി ലിവര്‍പൂളിന്‍റെ കിരീട പ്രതീക്ഷകള്‍ക്ക് ചെറുതായെങ്കിലും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. എവര്‍ട്ടണിനോട് തോറ്റെങ്കിലും പോയിന്‍റ് പട്ടികയില്‍ ലിവര്‍പൂളിന്‍റെ രണ്ടാം സ്ഥാനത്തിന് നിലവില്‍ മാറ്റങ്ങളൊന്നുമില്ല. 34 മത്സരങ്ങളില്‍ 22 ജയവും എട്ട് സമനിലയും ഉള്ള അവര്‍ക്ക് 74 പോയിന്‍റാണുള്ളത്.
34 മത്സരങ്ങളില്‍ 77 പോയിന്‍റോടെ ആഴ്‌സണലാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 24 ജയവും അഞ്ച് സമനിലയും അക്കൗണ്ടിലുള്ള പീരങ്കിപ്പട സീസണില്‍ അഞ്ച് മത്സരങ്ങളിലാണ് തോല്‍വി ഏറ്റുവാങ്ങിയത്. ഇരു ടീമുകളേക്കാള്‍ രണ്ട് മത്സരം കുറച്ച് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിയാണ് നിലവില്‍ മൂന്നാം സ്ഥാനത്ത്.
സീസണില്‍ 32 മത്സരം കളിച്ച സിറ്റിക്ക് നിലവില്‍ 22 ജയങ്ങളുടെയും ഏഴ് സമനിലകളുടെയും അകമ്പടിയില്‍ 73 പോയിന്‍റുണ്ട്. എവര്‍ട്ടണിനെതിരായ തോല്‍വിയോടെ ലിവര്‍പൂളിന് ലീഗില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാം നിര്‍ണായകമായിരിക്കുകയാണ്. വെസ്റ്റ്ഹാം, ടോട്ടൻഹാം, ആസ്റ്റണ്‍വില്ല, വോള്‍വ്‌സ് ടീമുകള്‍ക്കെതിരെയാണ് ലിവര്‍പൂളിന്‍റെ ശേഷിക്കുന്ന മത്സരങ്ങള്‍.
എവര്‍ട്ടണിന്‍റെ ഹോം ഗ്രൗണ്ടായ ഗൂഡിസണ്‍ പാര്‍ക്കില്‍ പന്ത് അടക്കത്തിലും പാസിങ്ങിലും ലക്ഷ്യത്തിലേക്ക് പായിച്ച ഷോട്ടുകളുടെ എണ്ണത്തിലുമെല്ലാം മുന്നില്‍ നിന്നത് ലിവര്‍പൂള്‍ ആയിരുന്നെങ്കിലും ജയം പിടിച്ചെടുത്തത് ആതിഥേയരായിരുന്നു. പ്രധാന താരങ്ങള്‍ കളത്തിലിറങ്ങിയിട്ടും ലിവര്‍പൂളിന് കനത്ത തിരിച്ചടിയേല്‍ക്കേണ്ടി വരികയാണുണ്ടായത്.
മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ മുന്നിലെത്താൻ എവര്‍ട്ടണിന് സാധിച്ചു. 27-ാം മിനിറ്റില്‍ ജറാഡ് ബ്രാന്ത്‌വൈറ്റാണ് ആതിഥേയര്‍ക്കായി ആദ്യ ഗോള്‍ നേടിയത്. ലിവര്‍പൂള്‍ ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് എവര്‍ട്ടണ്‍ ആദ്യ ഗോള്‍ എതിരാളികളുടെ വലയിലെത്തിച്ചത്.
ആദ്യ പകുതിയില്‍ ഉടനീളം ഈ ലീഡ് കാത്ത് സൂക്ഷിക്കാൻ അവര്‍ക്ക് സധിച്ചു. രണ്ടാം പകുതിയില്‍ മത്സരത്തിന്‍റെ 58-ാം മിനിറ്റില്‍ എവര്‍ട്ടണ്‍ ലീഡ് ഉയര്‍ത്തി. ഡൊമനിക്ക് കാള്‍വെര്‍ട്ട് ലൂയിൻ ആയിരുന്നു ഗോള്‍ സ്കോറര്‍.
കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഹെഡറിലൂടെയാണ് ഡൊമനിക്ക് ലക്ഷ്യം കണ്ടത്. തിരിച്ചടിക്കാൻ ലിവര്‍പൂള്‍ കഴിയുന്നത് പോലെയെല്ലാം ശ്രമം നടത്തി. എന്നാല്‍, എവര്‍ട്ടണ്‍ ഗോള്‍ കീപ്പര്‍ ജോര്‍ഡൻ പിക്ക് ഫോര്‍ഡിന്‍റെ തകര്‍പ്പൻ സേവുകളും നിര്‍ഭാഗ്യവും ലിവര്‍പൂളിന് തിരിച്ചടി സമ്മാനിക്കുകയായിരുന്നു.