ലണ്ടന്‍: മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഇന്ന് മത്സരങ്ങള്‍ പുനരാരംഭിക്കും. ഇന്നത്തെ മത്സരങ്ങളില്‍ ലീഗിലെ ശക്തന്മാര്‍ ഏറ്റുമുട്ടും. നിലവില്‍ എല്ലാ ടീമുകളുടേയും ഓരോ മത്സരങ്ങളാണ് പൂര്‍ത്തിയായത്. ബ്രൈറ്റണ്‍, മാഞ്ചസ്റ്റര്‍ യുണെറ്റഡ്, ക്രിസ്റ്റല്‍ പാലസ്, വെസ്റ്റ് ഹാം, ഫുല്‍ ഹാം, ലെസ്റ്റര്‍, മാഞ്ചസ്റ്റര്‍ സിറ്റി, ഇപ്‌സ്‌വിച്ച്, സതാംപ്‌ടണ്‍, നോട്ടാം ഫോറസ്റ്റ്, ടോട്ടനം ഹോട്‌സ്പര്‍, എവര്‍ടണ്‍, ആസ്റ്റണ്‍ വില്ല തുടങ്ങിയ ക്ലബുകള്‍ ഇന്നിറങ്ങും.
വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡും ബ്രൈറ്റണും തമ്മില്‍ പോരാടും. ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഫുൾഹാമിനെ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡ് ഇന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെയാകും കളിക്കുക. ഫാല്‍മര്‍ അമേരിക്കന്‍ എക്‌സ്പ്രസ് സ്റ്റേഡിയത്തിലാണ് മത്സരം,
രാത്രി 7.30ന് ടോട്ടനവും എവർട്ടണും തമ്മിലാണ് മത്സരം. ഇരു ടീമുകൾക്കും ഇന്ന് നിർണായകമാണ്. ലെസ്റ്റർ സിറ്റിയുമായുള്ള ടോട്ടനത്തിന്‍റെ മത്സരം 1-1ന് സമനിലയിലായിരുന്നു. എവർട്ടണ്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രൈറ്റണോട് പരാജയപ്പെട്ടാണ് എത്തുന്നത്. ടോട്ടനം ഹോട്‌സ്പര്‍ സ്റ്റേഡയിത്തിലാണ് മത്സരം നടക്കുന്നത്.
രാത്രി പത്തിന് ആസ്റ്റൺ വില്ലയും ആഴ്‌സനലും തമ്മിലാണ് ഏറ്റുമുട്ടുന്നത്. രാത്രി 7.30ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഫുൾഹാമും ലെസ്റ്റർ സിറ്റിയും തമ്മില്‍ കൊമ്പുകോർക്കും. ബിര്‍മിങ്‌ഹാം വില്ലാ പാര്‍ക്കിലാണ് മത്സരം.
മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്‌സ്‌വിചാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ ചെൽസിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് സിറ്റി എത്തുന്നത്. ഇപ്‌സ്വിച്ച് ടൗൺ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. മാഞ്ചസ്റ്റര്‍ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് രാത്രി 7.30 ആണ് മത്സരം.