വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് ടീം അബുദാബിയിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട് (England Team Head Back To Abu Dhabi). അവധി ആഘോഷങ്ങള്‍ക്കായാണ് ടീം വിശാഖപട്ടണത്തെ മത്സരം അവസാനിച്ചതിന് പിന്നാലെ തന്നെ അബുദാബിയിലേക്ക് പറന്നത്. പരമ്പരയിലെ മൂന്നാം മത്സരത്തിന് ഒരാഴ്‌ചയിലധികം നീണ്ട ഇടവേള ലഭിക്കുന്ന സാഹചര്യത്തിലാണ് മത്സരാധിക്യത്തിന്‍റെ ക്ഷീണം മാറ്റാന്‍ ഇംഗ്ലണ്ട് ടീം കടല്‍ കടന്നത്.
ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാം മത്സരം (India vs England 3rd Test). രാജ്‌കോട്ടാണ് മത്സരത്തിന് വേദിയാകുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഒപ്പത്തിനൊപ്പമാണ് ഇരു ടീമും.
ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടായിരുന്നു ജയം പിടിച്ചത്. 28 റണ്‍സിനായിരുന്നു മത്സരത്തില്‍ സന്ദര്‍ശകരുടെ ജയം. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 190 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കിയിരുന്നു.
എന്നാല്‍, രണ്ടാം ഇന്നിങ്‌സില്‍ ഒലീ പോപ്പ് 196 റണ്‍സ് നേടിയതോടെ 231 റണ്‍സിന്‍റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയ്‌ക്ക് മുന്നിലേക്ക് വച്ചത്. ഇത് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 202 റണ്‍സില്‍ ഓള്‍ ഔട്ടാകുകയായിരുന്നു.
വിശാഖപട്ടണത്ത് കഴിഞ്ഞ ദിവസം അവസാനിച്ച പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 106 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 399 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന്‍റെ പോരാട്ടം 292 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്‌ത് ഒന്നാം ഇന്നിങ്‌സില്‍ 396 റണ്‍സായിരുന്നു അടിച്ചെടുത്തത്.
യശസ്വി ജയ്‌സ്വാളിന്‍റെ (209) ഇരട്ടസെഞ്ച്വറി പ്രകടനമായിരുന്നു വിശാഖപട്ടണത്ത് ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 253 റണ്‍സില്‍ പുറത്തായി. ജസ്‌പ്രീത് ബുംറയുടെ ആറ് വിക്കറ്റ് പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെ തകര്‍ത്തത്.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 255 റണ്‍സ് നേടി. സെഞ്ച്വറിയുമായി ശുഭ്‌മാന്‍ ഗില്ലാണ് രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങിയത്. 147 പന്തില്‍ 104 റണ്‍സ് നേടിയായിരുന്നു ഗില്‍ പുറത്തായത്.
രവിചന്ദ്രന്‍ അശ്വിനും ജസ്‌പ്രീത് ബുംറയും ചേര്‍ന്നായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കിയത്. ഇരുവരും മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. അതേസമയം, പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉണ്ടാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് നിലവില്‍ ആരാധകര്‍.
Also Read : വിശാഖപട്ടണത്തെ മിന്നും വിജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്