ഗെൽസൻകിർഹൻ (ജർമനി): യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ജയം നേടി കരുത്തരായ ഇംഗ്ലണ്ട്. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ത്രീ ലയൺസിന്‍റെ ജയം. ലോകഫുട്‌ബോളിലെ പുത്തൻ താരോദയം ജൂഡ് ബെല്ലിങ്‌ഹാമാണ് ഇംഗ്ലീഷ് പടയ്‌ക്കായി മത്സരത്തില്‍ ഗോള്‍ നേടിയത്.
മത്സരത്തിന്‍റെ തുടക്കം മുതല്‍ക്കുതന്നെ സെര്‍ബിയൻ ബോക്‌സിലേക്ക് ഇരച്ചെത്താൻ ഇംഗ്ലണ്ടിനായി. 13-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ സെര്‍ബിയൻ വലയില്‍ വീഴുന്നത്. വലതുവിങ്ങിലേക്ക് കൈല്‍ വാക്കര്‍ നല്‍കിയ പാസ് പിടിച്ചെടുത്ത് ബുക്കായോ സാക്ക നല്‍കിയ ക്രോസ് തകര്‍പ്പൻ ഹെഡറിലൂടെ ബെല്ലിങ്ഹാം ലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു.
സെര്‍ബിയ മത്സരത്തില്‍ കൂടുതല്‍ ഗോള്‍ വഴങ്ങും എന്നായിരുന്നു കളി കണ്ടിരുന്നവര്‍ കരുതിയത്. എന്നാല്‍, താളം കണ്ടെത്തിയ സെര്‍ബിയ ഇംഗ്ലീഷ് താരങ്ങളെ പൂട്ടി. സൂപ്പര്‍ താരം ഹാരി കെയ്‌നെ അനങ്ങാൻ പോലും സെര്‍ബിയൻ പ്രതിരോധ നിര അനുവദിച്ചില്ല.
ഹാരി കെയ്‌നെ സെര്‍ബിയ പൂട്ടിയതോടെ ബെല്ലിങ്‌ഹാമിനെ ചുറ്റിപ്പറ്റിയായിരുന്നു ഇംഗ്ലണ്ടിന്‍റെ മുന്നേറ്റങ്ങള്‍ ഏറെയും. ലീഡ് പിടിച്ച ശേഷം ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും അതൊന്നും ഗോളിലേക്ക് എത്തിക്കാൻ ഇംഗ്ലണ്ടിനായില്ല. രണ്ടാം പകുതിയില്‍ സെര്‍ബിയ ആക്രമണങ്ങള്‍ ഒന്ന് കടുപ്പിച്ചതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിന് പണി കൂടി. അവസാന മിനിറ്റുകളില്‍ ജോര്‍ദാൻ പിക് ഫോഡന്‍ നടത്തിയ രക്ഷപ്പെടുത്തലുകളാണ് ഇംഗ്ലണ്ടിനെ സമനിലയില്‍ നിന്നും രക്ഷിച്ചത്.